കണ്ണൂർ- സി.പി.എം മുൻ കണ്ണൂർ സെക്രട്ടറി പി.ശശി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവും. എം.വി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എത്തുന്നതോടെയാണിത്. സി.പി.എം സെക്രട്ടറിയായ പി. ജയരാജൻ, വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായതോടെയാണ് ഈ മാറ്റം. പി. ശശിയെ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തിരുന്നു.
നിലവിൽ, സി.പി.എം സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിേയറ്റ് അംഗവുമാണ് എം.വി. ജയരാജൻ. നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പി. ജയരാജൻ ഒഴിയുന്നതോടെയാണ് പാർട്ടിയിൽ തൊട്ടടുത്ത സ്ഥാനക്കാരനായ ജയരാജനെ ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ജയരാജൻ. പിണറായി മുഖ്യമന്ത്രി പദമേറ്റെടുത്ത ശേഷം, ആഭ്യന്തര വകുപ്പിൽ ചില വീഴ്ചകളുണ്ടായതിനെത്തുടർന്നാണ് പാർട്ടി ഇടപെട്ട് ജയരാജനെ ഈ സ്ഥാനത്തേക്കു കൊണ്ടുവന്നത്. പി. ശശി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ലൈംഗികാരോപണത്തെത്തുടർന്ന് പാർട്ടിയിൽനിന്നു പുറത്താവുന്നത്. പിന്നീട് അഭിഭാഷക വൃത്തിയിൽ തുടർന്ന ഇദ്ദേഹം, പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുകയും ടി.പി. കേസിലടക്കം പാർട്ടിക്കു താങ്ങായി നിൽക്കുകയും ചെയ്തു. ഇതിനിടെ, ശശിക്കെതിരെ ക്രൈം നന്ദകുമാർ നൽകിയ കേസിൽ തീർപ്പാവുകയും ചെയ്തതോടെ പാർട്ടിയിലേക്കു മടങ്ങാൻ താൽപ്പര്യമുണ്ടെന്നു കാണിച്ച് അദ്ദേഹം കത്തു നൽകുകയും കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുക്കുകയുമായിരുന്നു. പെരളശ്ശേരി ബ്രാഞ്ച് അംഗവും ഇടതു അഭിഭാഷക യൂനിയൻ ജില്ലാ നേതാവുമായിരുന്ന ശശിയെ കഴിഞ്ഞ ദിവസമാണ് ജില്ലാ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തത്.
മുമ്പ് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പി.ശശി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. അന്ന് മികച്ച പ്രവർത്തനമാണ് ഇദ്ദേഹം കാഴ്ചവെച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വിശ്വസ്തനായാണ് പി. ശശി അറിയപ്പെടുന്നത്.