കോട്ടയം- കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ നിർണായകമായ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നാളെ. പാർട്ടിക്ക് ഒരു സീറ്റു മാത്രമേ ലഭിക്കൂ എന്ന് വ്യക്തമായ സാഹചര്യത്തിൽ നാളെ ഉച്ചകഴിഞ്ഞ് കോട്ടയത്തെ ഒരു ഹോട്ടലിൽ ചേരുന്ന യോഗത്തിന് രാഷ്ട്രീയ കേരളം കാതോർക്കുന്നു. സി.പി.എം സ്ഥാനാർഥിയായി വി.എൻ വാസവൻ രംഗത്ത് വന്നതോടെ ഇനി മാണി ഗ്രൂപ്പിന് അധികം കാത്തു നിൽക്കാനാകില്ല. ഇതും തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
പി.ജെ ജോസഫ് സീറ്റിനായി പിടിമുറുക്കിയെങ്കിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും പാർട്ടി ചെയർമാൻ കെ.എം മാണിക്കാണ് ഭൂരിപക്ഷം. ജോസഫിന്റെ ആവശ്യം പാർട്ടി ചർച്ച ചെയ്യുമെങ്കിലും തീരുമാനം ചെയർമാന് വിട്ടേക്കും. ജോസഫിന്റെ പരസ്യമായ അഭിപ്രായ പ്രകടനത്തോട് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണിക്ക് കടുത്ത നീരസമുണ്ട്. അത് പലതവണ നിലപാടിൽ പ്രതിധ്വനിച്ചു കഴിഞ്ഞു.
സ്ഥാനാർഥിയാരാണെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് ജോസ് കെ. മാണിയുടെ അഭിപ്രായം. അതിനർഥം ജോസഫ് ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന സൂചനയാണ്. ഈ ആവശ്യത്തോടുളള നിലപാടും ഇവിടെ വ്യക്തമാണ്.
ജോസഫ് ആവശ്യം ഉന്നയിക്കുകയും അതിൽ ചർച്ച നടന്നിട്ടും തീരുമാനത്തിലെത്തിയില്ലെങ്കിൽ കടുത്ത ഭിന്നതയിലേക്കായിരിക്കും പോകുക. ജോസഫാകട്ടെ പിന്നോട്ടു പോകില്ല.
തങ്ങളുടെ സിറ്റിംഗ് സീറ്റ് ലയിച്ചു വന്ന ജോസഫ് വിഭാഗത്തിന് എന്തിനു നൽകണമെന്നാണ് മാണി ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്ന ചോദ്യം. തീരുമാനത്തിലെത്തിയില്ലെങ്കിൽ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാനുളള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.
കോട്ടയം കോൺഗ്രസിന് നൽകി ഇടുക്കി ചോദിച്ചാൽ നഷ്ടം മാണി വിഭാഗത്തിനാണ്. കാരണം ഇടുക്കിയിൽ ശക്തൻ പി.ജെ ജോസഫാണ്. ജോസഫിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവരും. പകരം ചാലക്കുടി ചോദിക്കുമെന്ന അഭിപ്രായവും ശക്തം. എന്നാൽ കോട്ടയത്ത് മത്സരിച്ചു ജയിക്കാനുളള സ്ഥാനാർഥി തങ്ങൾക്കുണ്ടെന്നാണ് മാണി ഗ്രൂപ്പിലെ ഔദ്യോഗിക വിഭാഗം പറയുന്നത്. അതിന് ജോസഫിനെ മെരുക്കണം. അത് കഴിയുമോ എന്ന് ഇന്ന് അറിയാം.
പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിന് സമീപമുളള ഹോട്ടലിലാണ് യോഗം. സാധാരണ ഇത്തരം യോഗങ്ങൾ ഓഫീസിൽ ചേരുകയാണ് പതിവ്. അവിടെ ചില നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇതെന്നാണ് സൂചന. പ്രധാനമായും ലിഫ്റ്റ് ഉൾപ്പെടെയുളള ജോലികളാണ് നടക്കുന്നത്. പാർട്ടി ചെയർമാന്റെയും സീനിയർ നേതാക്കളുടെയും ആരോഗ്യപരമായ പ്രശ്‌നങ്ങൾക്ക് മുൻകരുതലായാണ് ലിഫ്റ്റ് സ്ഥാപിക്കുന്നതെന്നാണ് അറിയുന്നത്.
അതേസമയം ജോസഫുമായി ഇതുവരെ സമവായ ചർച്ചകളിൽ യോജിപ്പിലെത്താൻ കഴിയാതിരുന്നതോടെ കേരള കോൺഗ്രസിലെ തർക്കം പുതിയ തലത്തിലാണ്. കോട്ടയം സീറ്റിൽ സ്ഥാനാർഥി ആരാകണമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി ഇന്നലെ വ്യക്തമാക്കി. മത്സരിക്കാൻ പലരും താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിഗണിക്കേണ്ടത് പാർട്ടിയാണെന്നുമാണ് പി.ജെ ജോസഫിന്റെ സ്ഥാനാർഥി മോഹത്തോടു പ്രതികരിച്ചത്.് കോട്ടയം സീറ്റ് വെച്ചുമാറാൻ ആലോചനയില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പിളർപ്പ് ഒഴിവാൻ സീറ്റ് വിട്ടുനൽകിയുള്ള ഒത്തുതീർപ്പുകൾ ഉൾപ്പെടെയാണ് സമവായ ചർച്ചകളിൽ ഉയർന്നു വന്നത്. വിട്ടുവീഴ്ചകൾക്ക് തയാറാകുമ്പോൾ ചില ഉപാധികളും മാണി വിഭാഗം മുന്നോട്ടുവെച്ചതായി അറിയുന്നു. സീറ്റു നൽകിയാൽ പാർട്ടി ചെയർമാൻ സ്ഥാനത്തിനായി ജോസഫ് അവകാശവാദം ഉന്നയിക്കരുതെന്നായിരുന്നു അതിലൊന്ന്. കെ.എം മാണി കഴിഞ്ഞാൽ പാർട്ടിയിലെ സീനിയർ നേതാവായ ജോസഫിന് ജോസ് കെ. മാണിയെ ചെയർമാനായി വാഴിക്കുന്നതിനോട് യോജിപ്പിലെത്താനായില്ല. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ യു.പി.എ സർക്കാർ അധികാരത്തിലെത്തിയാൽ താക്കോൽ സ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തരുതെന്നായിരുന്നു മറ്റൊരു ഉപാധി. ഇക്കാര്യത്തിലും യോജിപ്പിലെത്താനായില്ല. ഇതോടെയാണ് അതൃപ്തി പരസ്യമാക്കി, സ്ഥാനാർഥി ആരാകണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയത്.
പൊട്ടിത്തെറിയിലേക്ക് നീങ്ങാതെ ഉപാധികൾ അംഗീകരിപ്പിക്കാനുള്ള നീക്കങ്ങളും തുടരുകയാണ്. യോജിപ്പിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്നു ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫ് ഗ്രൂപ്പിന്റെ വാദമുഖങ്ങളെ തള്ളും. അങ്ങനെയെങ്കിൽ രാഷ്ട്രീയ നീക്കങ്ങൾക്ക് ചടുലവേഗമാകും പിന്നീട്.