റിയാദ് - ഉൽപന്നങ്ങളുടെ പ്രചാരണ ലക്ഷ്യത്തോടെ മാതാക്കളുമായി നേരിട്ടോ അല്ലാതെയോ ആശയ വിനിമയം നടത്തുന്നതിൽ നിന്ന് മുലപ്പാലിനു പകരമുള്ള പാൽ (ബേബി ഫുഡ്) കമ്പനികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ വിലക്കേർപ്പെടുത്തി. ബേബി ഫുഡ് ഉൽപാദകരായ കമ്പനികളിലെയും ബേബി ഫുഡ് ഇറക്കുമതി ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്ന കമ്പനികളിലെയും ജീവനക്കാർ നവജാത ശിശുക്കളുടെ മാതാക്കളുമായി പ്രത്യക്ഷമായും പരോക്ഷമായും ആശയ വിനിയമം നടത്തുന്നത് ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ച ബേബി ഫുഡ് ക്രയവിക്രയ നിയമം വിലക്കുന്നു.
ബേബി ഫുഡ് ഉൽപാദകരായ കമ്പനികളും ബേബി ഫുഡ് ഇറക്കുമതിക്കാരും വിപണനം നടത്തുന്നവരും വിദ്യാഭ്യാസ, വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. ബേബി ഫുഡ് പരസ്യങ്ങളും പ്രൊമോഷനുകളും സൗജന്യ സാമ്പിൾ വിതരണവും ബേബി ഫുഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഉപഹാരങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതും നിയമം വിലക്കുന്നു. എന്നാൽ ബേബി ഫുഡ് സാമ്പിളുകൾ സ്വീകരിക്കുന്നതിന് അനാഥാലയങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.