രാജ്യത്തിന്റെ പുരോഗതിക്കും സാമൂഹിക സാമ്പത്തിക ഭദ്രതക്കും നിയമ നിർമാണസഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം അത്യാവശ്യമാണെന്ന് ഇന്ന് ലോകത്തുള്ള എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നു. എന്നാൽ 1949ൽ ഇന്ത്യാ രാജ്യം അതിന്റെ ഭരണഘടനാ നിർമാണസമിതിയിൽ 15 സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നുവെന്നും അതിൽതന്നെ ഒരു ദളിത് സ്ത്രീ അടക്കം മൂന്നു പേർ മലയാളികൾ ആയിരുന്നു എന്നുമുള്ള ചരിത്ര സത്യം ഈ വനിതാദിനത്തിൽ ഓർത്തെടുക്കുമ്പോൾ മലയാളി സ്ത്രീകൾക്ക് നവോർജ്ജം പകരുന്ന കാര്യമായിരിക്കും.
നാം എന്തു കൊണ്ടാണ് ആ സ്ത്രീരത്‌നങ്ങളെ മറന്നു പോയത്? മഹാത്മാ ഗാന്ധിയുടെ അഹിംസയിലൂന്നിയ സ്വാതന്ത്രസമരമുറകൾ കൊണ്ടാണ് അതുവരെ പൊതുരംഗത്തു പ്രത്യക്ഷപ്പെടാതിരുന്ന സ്ത്രീകൾക്ക് രാഷ്ട്രീയപ്രവേശനത്തിനും തത്ദ്വാരാ ഉള്ള മുന്നേറ്റത്തിനും സാധിച്ചത്.
1930 കളുടെ തുടക്കത്തിൽ സ്വതന്ത്രഇന്ത്യയിൽ രൂപീകൃതമാകുന്ന അസംബ്ലികളിൽ സ്ത്രീപ്രാതിനിധ്യം ഇല്ലായെങ്കിൽ ഞാൻ ആ സഭ ബഹിഷ്‌കരിക്കുമെന്ന് അല്പം വിവാദസ്വരത്തിൽ ഉറക്കെ പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവാണ്. സ്വാതന്ത്ര്യസമരാനന്തരം ഉണ്ടായ ബ്രിട്ടീഷ് ഇന്ത്യക്കു കീഴിലുള്ള ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗങ്ങളായ സമർത്ഥകളായ, നമ്മുടെ ഭരണഘടനാ നിർമാണസമിതിയിൽ അംഗങ്ങളായിരുന്ന 15 വനിതകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തൽ ഈ നവോത്ഥാന കാലത്ത് അത്യാവശ്യമാണെന്ന് തോന്നുന്നു. കാരണം 1787 ൽ അമേരിക്കയിൽ നടന്ന ചരിത്രപ്രസിദ്ധമായ ഫിലാഡൽഫിയ ഭരണഘടനാ നിർമാണകോൺഗ്രസിന് ശേഷം ലോകചരിത്രം രേഖപ്പെടുത്തുന്നത് ഈ ഇന്ത്യൻ സ്ത്രീകളുടെ ഭരണഘടനാ നിർമാണസഭയിലെ പ്രാതിനിധ്യമാണ്.
ഈ വനിതകളുടെ ഇടപെടലുകളും നിർദേശങ്ങളും മൂലമാണ് അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ഇന്ത്യൻഭരണഘടന ഉറപ്പു നൽകുന്ന ശാക്തീകരണപദ്ധതികൾ ഉണ്ടാകുന്നത്. കീഴ്ജാതിക്കാരൻ അനുഭവിച്ചുപോന്നിരുന്ന അടിമത്തത്തിൽനിന്നും ദേവദാസി സമ്പ്രദായത്തിൽ നിന്നും ആ സമൂഹത്തിനു മുക്തി നൽകാനുതകുന്ന നിയമനിർമാണങ്ങൾ നടത്തി. കൂടാതെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെമേൽ മതങ്ങൾ പുലർത്തിപ്പോന്നിരുന്ന അധികാരങ്ങളെ നിഷ്ഫലമാക്കികൊണ്ട് സ്‌റ്റേറ്റിനുള്ള പവർ ശക്തമാക്കി. ന്യൂനപക്ഷഅവകാശ ബിൽ, വിദ്യാഭ്യാസമേഖലയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വേർതിരിവിനെ മറികടക്കുന്നതിനുള്ള പ്രത്യേക സംരക്ഷണനിയമങ്ങൾ, വിദ്യാഭ്യാസനയരൂപീകരണവും പദ്ധതികളും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം സമൂഹത്തിൽ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നിയനിർമാണങ്ങൾ തുടങ്ങിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റത്തിന് മൂലാധാരമായ നിയമങ്ങൾ നിർമിച്ച ഇവർ തന്നെയാണ് രാജ്യത്തെ പൗരാവകാശ നിയമങ്ങളിലും മാർഗ്ഗനിര്‌ദേശ തത്വങ്ങളിലും ക്രിയാത്മകമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. മതലിംഗദേശ അടിസ്ഥാനത്തിൽ പ്രത്യേകം മണ്ഡലങ്ങൾ സംവരണം ചെയ്യുന്നതിനെ അനുകൂലിച്ചിരുന്നില്ല.
ആ കാലഘട്ടത്തിലെ മുഴുവൻ സമയ അസംബ്ലി അംഗങ്ങൾ ആയിരുന്ന ഈ 15 വനിതകൾ കൂടി ചേർന്നാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടന നിർമിച്ചത് എന്ന് പറയുമ്പോൾ സ്ത്രീകളെ എത്രമാത്രം ബഹുമാനിച്ചിരുന്നു അന്നത്തെ ഭരണനായകർ എന്ന്കൂടി സാങ്കേതികമായി പറയേണ്ടിയിരിക്കുന്നു.
അമ്മു സ്വാമിനാഥൻ
പാലക്കാട് സ്വദേശിയായ അമ്മു സ്വാമിനാഥൻ ശൈശവ വിവാഹത്തിന്റെ ഇരയായിരുന്നു. അത് കൊണ്ട്തന്നെ വിവാഹാനന്തരം പഠനം പൂർത്തിയാക്കിയ അവർ സ്ത്രീകൾക്കായി അഡയാറിൽ വിമൻസ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു.''പുറം രാജ്യങ്ങളിലെ ജനങ്ങൾ പറയുന്നത് ഇന്ത്യ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ അനുവദിക്കുന്നില്ലെന്നാണ്. ഇന്ത്യക്കാർ തന്നെ രൂപം കൊടുത്ത ഭരണഘടനയിൽ സ്ത്രീകൾക്ക് മറ്റെല്ലാ പൗരന്മാർക്കുമൊപ്പം തുല്യാവകാശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇനി നമുക്ക് പറയാം ''
ആനി മസ്‌കരിൻ
'തിരുവിതാംകൂറിന്റെ ജാൻസിറാണി' എന്നറിയപ്പെട്ടിരുന്ന ആനി മസ്‌കറിൻ തിരുവനന്തപുരത്തു ജനിച്ചു. സ്വതന്ത്രസമരത്തിൽ പങ്കാളിയായ അവർ നിരവധി തവണ ജയിൽവാസം അനുഭവിച്ചു. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ അവർ 1951 ൽ ലോകസഭയിലെത്തിയ കേരളാ എംപി മാരിലെ ഏകസ്ത്രീ ആയിരുന്നു.
ദാക്ഷായണി വേലായുധൻ
മലയാളി സ്ത്രീകൾക്ക് എന്നും അഭിമാനിക്കാവുന്ന തരത്തിൽ സാമൂഹിക മുന്നേറ്റം നടത്തിയ ദാക്ഷായണി വേലായുധൻ എറണാംകുളം ജില്ലയിൽ പുലയസമുദായത്തിൽ ജനിച്ചു. കേരളത്തിൽ നിന്നുള്ള ആദ്യത്തെ ദളിത് ബിരുദധാരിയായ അവർ ജാതിലിംഗവിവേചനകൾക്കെതിരെ ശക്തമായി പോരാടി. നിയമനിർമാസഭാംഗമായിരുന്ന അവർ ഭരണഘടനാനിർമാണസമിതിയിലെ ഏക ദളിത് പ്രധിനിധിയായിരുന്നു. ഹരിജനങ്ങളുടെ സുരക്ഷാ ഉറപ്പു വരുത്തേണ്ടത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് അവർ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
സരോജിനി നായിഡു
ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സരോജിനി നായിഡു ഹൈദരാബാദിൽ ജനിച്ചു. ലണ്ടനിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഇന്ത്യകാരിയായ വനിതാ പ്രസിഡന്റും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ഗവർണറുമായിരുന്നു.
ബീഗം ഐസാസ് റസൂൽ
ഉത്തർപ്രദേശിലെ രാജകുടുംബാംഗമായിരുന്ന ബീഗം ഭരണഘടനാനിർമാണ സമിതിയിലെ ഏക മുസ്ലിം വനിത പ്രതിനിധി ആയിരുന്നു. 1969 മുതൽ 1990 വരെയും നിയമസഭ അംഗമായിരുന്ന അവരെ പത്മഭൂഷൺ നൽകി ആദരിച്ചു.
ദുർഗാഭായ് ദേശ്മുഖ്
ആന്ധ്രപ്രദേശിൽ ജനിച്ച ദുർഗ്ഗഭായ് സ്ത്രീവിദ്യാഭ്യാസത്തിനും പുരോഗതിക്കും വേണ്ട നിയമ ഭേദഗതികൾ നടത്തി. ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു.
ഹൻസ ജീവരാജ് മെഹ്ത
ബറോഡയിൽ ജനിച്ച ഹൻസ ഇംഗ്ലണ്ടിൽ നിന്നും സോഷ്യോളജിയിലും ജേണലിസത്തിലും പഠനം പൂർത്തിയാക്കി സാമൂഹ്യപരിഷ്‌കർത്താവ്, പത്രപ്രവർത്തക, അദ്ധ്യാപിക, എഴുത്തുകാരി എന്നീ മേഖലകളിൽ പ്രവർത്തിച്ചു.
ലീല റോയ്
അസമിൽ ജനിച്ച ലീലറോയ് സുഭാഷ്ചന്ദ്രബോസ്സിന്റെ ഫോർവേഡ് ബ്ലോക്ക് ഡെയിലിയുടെ എഡിറ്ററായിരുന്നു. നേതാജി നാട് വിടുന്നതിനു മുൻപ് പാർട്ടി ഉത്തരവാദിത്വം അവരെയും ഭർത്താവിനെയും ഏൽപ്പിച്ചിരുന്നു.
മാലതി ചൗധരി
ഈസ്റ്റ് ബംഗാളിൽ ജനിച്ച മാലതി ശാന്തിനികേതനിലെത്തി വിശ്വഭാരതിയിൽ ചേർന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അവർ പിന്നീട് ഒഡിഷ മുഖ്യമന്ത്രിയെ വിവാഹം കഴിച്ച അങ്ങോട്ട് താമസം മാറി.
പൂർണിമ ബാനർജി
അഹമ്മദാബാദിൽ നിന്നുള്ള പൂർണിമ 1930-40 കാലത്തെ യുപി യിൽ നിന്നുള്ള റാഡിക്കൽസ്ത്രീ സംഘടനകളിലെ മുൻനിരപോരാളിയായിരുന്നു. സോഷ്യലിസത്തിൽ അടിയുറച്ചു വിശ്വസിച്ച അവർ സത്യഗ്രഹത്തിലും ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
രേണുക റായ്
ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നിന്നും ബിരുദം നേടിയ രേണുക ഇന്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക അസമത്വങ്ങൾ മറികടക്കാൻ തക്ക വിധത്തിൽ ഒരു ഏകീകൃത വ്യക്തിനിയമം വേണം എന്ന് വാദിച്ച ആളാണ്. ആസൂത്രണ കമ്മീഷൻ അംഗവും ഓൾ ഇന്ത്യ വുമൺ കോൺഫറൻസ് പ്രസിഡന്റും ആയിരുന്നു.
സുചേതാ കൃപലാനി
ഹരിയാന സ്വദേശിയായ സുചേതാ കൃപലാനി ക്വിറ്റിന്ത്യാസമരകാലത്തെ തീ പാറുന്ന സ്ത്രീപ്രാധിനിധ്യം ആയിരുന്നു. ആദ്യമായി കോൺഗ്രസിൽ വനിതാ വിഭാഗം രൂപീകരിച്ച അവർ ഡൽഹിയിൽ നിന്നുള്ള പാർലമെന്റ് അംഗവും സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ മുഖ്യമന്ത്രിയും ആയിരുന്നു.
രാജകുമാരി അമൃതകൗർ
ലക്‌നോവിൽ ജനിച്ച കൗർ ഇംഗ്ലണ്ടിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം ഗാന്ധിജിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ചുവരികയായിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകരിൽ പ്രധാനിയായ അവർ ഇന്ത്യയുടെ ആരോഗ്യമന്ത്രിയായി 10 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കമലാ ചൗധരി
ലക്‌നോ സ്വദേശിയായ കമല സിവിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകയായിരുന്നു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ലോകസഭാ അംഗവും ആയിരുന്നു.
വിജയലക്ഷ്മി പണ്ഡിറ്റ്
അഹമ്മദാബാദിൽ ജനിച്ച വിജയലക്ഷ്മി പണ്ഡിറ്റ് ഒരു വിദേശരാജ്യത്ത് ക്യാബിനറ്റ് മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ആ സ്ഥാനത്തെത്തുന്ന ആദ്യ സ്ത്രീയും ആദ്യ ഏഷ്യനും എന്ന ബഹുമതിയും അവർ സ്വന്തമാക്കി. സ്വാതന്ത്ര സമരകാലത്ത് നിരവധി തവണ ജയിൽവാസം അനുഭവിച്ച അവർ ഇന്ത്യൻ വനിതകളുടെ അഭിമാനം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഉയർത്തിപ്പിടിച്ചു.