മലപ്പുറം- ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രവും മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ സ്വന്തം തട്ടകവുമായ നിലമ്പൂരില്‍ ആര്യാടന്റെ മകന്‍ ഷൗക്കത്തിനെ വാശിയേറിയ പോരാട്ടത്തില്‍ തറപ്പറ്റിച്ചാണ് പി.വി അന്‍വര്‍ എന്ന മുന്‍ കോണ്‍ഗ്രസുകാരന്‍ സിപിഎം പിന്തുണയോടെ എംഎല്‍എ ആയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ജില്ലയിലെ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്നായ പൊന്നാനിയില്‍ അന്‍വറിനെ രംഗത്തിറക്കിയിരിക്കുകയാണ് ഇടതു മുന്നണി. മുസ്ലിം ലീഗ് തുടര്‍ച്ചയായി ജയിച്ചു വരുന്ന പൊന്നാനിയില്‍ ലീഗിന്റെ കരുത്തനായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയെയാണ് അന്‍വര്‍ എംഎല്‍എ നേരിടുന്നത്.
അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സിപിഎം അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്‍വറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഭൂമി കയ്യേറ്റം, കൊലപാതകം തുടങ്ങി നിരവധി കേസുകളില്‍ ആരോപണ വിധേയനായ അന്‍വറിനെതിരെ നിലമ്പൂരില്‍ ഇടതു മുന്നണിക്കുള്ളില്‍ നേരത്തെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പൊന്നാനിയില്‍ മത്സര രംഗത്തിറങ്ങുമ്പോള്‍ അന്‍വറും ഇടതു മുന്നണിയും ഈ വിവാദങ്ങളെ എങ്ങനെ നേരിടുമെന്ന് കാണാനിരിക്കുന്നതെയുള്ളൂ. 2016-ല്‍ മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍വറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴും ഇടതു മുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. നിരവധി പ്രാദേശിക സിപിഎം നേതാക്കള്‍ പരസ്യമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഇത്ര രൂക്ഷമായ എതിര്‍പ്പ് ഇത്തവണ ഉണ്ടാകാനിടയില്ല.
നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ വിള്ളലുണ്ടാക്കി ഇടതു മുന്നണിക്ക് നേട്ടമുണ്ടാക്കിക്കൊടുത്തതാണ് അന്‍വറിനെ താരമാക്കിയത്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബമാണ് അന്‍വറിന്റേത്. പിതാവ് പി.വി ഷൗക്കത്തലി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും സ്വാതന്ത്രസമര പോരാളിയുമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അന്‍വര്‍ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയും കെ കരുണാകരന്‍ രൂപീകരിച്ച ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റും ആയിരുന്ന അന്‍വറിലൂടെ ഒരു വിഭാഗം കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതു പെട്ടിയില്‍ വീഴുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ടാകാം.
2016 നിയമസഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെ മൊത്തം ഭൂരിപക്ഷ കണക്കെടുത്താല്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ 1071 വോട്ടിന്റെ അന്തരമെ ഉള്ളൂ. കൂടാതെ കോണ്‍ഗ്രസ് ജയിച്ച തൃത്താല നിയോജക മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നില്‍ക്കുന്ന പ്രവണതയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇവിടുത്തെ ലീഗ് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകളും അന്‍വറിനെ തുണച്ചേക്കാം. സമീപകാല വോട്ടു കണക്കുകളില്‍ ഇടതു മുന്നണിക്ക് അനുകൂലമായ സഹാചര്യമാണ് പൊതുവെ പൊന്നാനിയിലുള്ളത്. എന്നാല്‍ മുസ്ലിം ലീഗിന്റെ കരുത്തനും മികച്ച പാര്‍ലമെന്റേറിയനുമായ ഇ.ടി മുഹമ്മദ് ബഷീറിനേയാണ് അന്‍വറിന് നേരിടാനുള്ളത്.