റിയാദ്- ആറു വാഹന പരിശോധനാ കേന്ദ്രങ്ങളുടെ (മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍) കൂടി പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദ് അല്‍ശിഫ ഡിസ്ട്രിക്ടിലെ വാഹന പരിശോധനാ കേന്ദ്രത്തിന്റെയും മദീന, അബഹ, അല്‍ഖസീം, ഹുഫൂഫ്, തായിഫ് എന്നിവിടങ്ങളിലെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെയും പ്രവൃത്തി സമയമാണ് രാത്രി 11 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാത്രി 11 വരെയും ശനിയാഴ്ച രാത്രി 10 വരെയും ഈ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
റിയാദ്, മക്ക, ദമാം, ജിദ്ദ എന്നിവിടങ്ങളിലെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം രാത്രി 11 വരെ ദീര്‍ഘിപ്പിച്ചതായി ദിവസങ്ങള്‍ക്കു മുമ്പ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. പുതുതായി ആറു കേന്ദ്രങ്ങളുടെ കൂടി പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതോടെ രാത്രി 11 വരെ തുറന്ന് പ്രവര്‍ത്തിക്കുന്ന വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം പത്തായി. സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും എളുപ്പത്തിലും പ്രയാസരഹിതമായും വാഹന പരിശോധന പൂര്‍ത്തിയാക്കുന്നതിന് അവസരമൊരുക്കുന്നതിന് ലക്ഷ്യമിട്ടാണ് വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം സൗദി ട്രാഫിക് ഡയറക്ടറേറ്റ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.