Sorry, you need to enable JavaScript to visit this website.

ഉംറ തീര്‍ഥാടകരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു; നാലേകാല്‍ ലക്ഷം ഇന്ത്യക്കാര്‍

മക്ക - ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകരുടെ എണ്ണം നാല്‍പതു ലക്ഷം കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു (സെപ്റ്റംബര്‍ 11) മുതല്‍ ജമാദുല്‍ ആഖിര്‍ 30 (മാര്‍ച്ച് 7) വരെയുള്ള ആറു മാസക്കാലത്ത് വിദേശങ്ങളില്‍നിന്ന് 40,85,775 തീര്‍ഥാടകരാണ് എത്തിയത്. ഇക്കൂട്ടത്തില്‍ 36,53,656 തീര്‍ഥാടകര്‍ ഉംറ കര്‍മവും സിയാറത്തും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. മാര്‍ച്ച് ഏഴിലെ കണക്കുകള്‍ പ്രകാരം പുണ്യസ്ഥലങ്ങളില്‍ 4,32,119 തീര്‍ഥാടകരുണ്ട്. ഇക്കൂട്ടത്തില്‍ 2,88,635 പേര്‍ മക്കയിലും 1,43,484 പേര്‍ മദീനയിലുമാണ്. ഇക്കാലയളവില്‍ ആകെ 45,66,632 ഉംറ വിസകളാണ് മന്ത്രാലയം അനുവദിച്ചത്.
ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണ്. ഇവിടെനിന്ന് 9,81,131 തീര്‍ഥാടകര്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍നിന്ന് 6,65,615 തീര്‍ഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍നിന്ന് 4,21,697 തീര്‍ഥാടകരും നാലാം സ്ഥാനത്തുള്ള ഈജിപ്തില്‍നിന്ന് 2,18,846 തീര്‍ഥാടകരും അഞ്ചാം സ്ഥാനത്തുള്ള യെമനില്‍ നിന്ന് 2,09,452 തീര്‍ഥാടകരും ആറാം സ്ഥാനത്തുള്ള തുര്‍ക്കിയില്‍നിന്ന് 2,06,461 തീര്‍ഥാടകരും ആറു മാസത്തിനിടെ പുണ്യഭൂമിയില്‍ എത്തി. മലേഷ്യയില്‍ നിന്ന് 2,06,329 ഉം അള്‍ജീരിയയില്‍ നിന്ന് 1,49,364 ഉം ജോര്‍ദാനില്‍ നിന്ന് 1,13,364 ഉം ഇറാഖില്‍ നിന്ന് 1,04,731 തീര്‍ഥാടകരും എത്തിയതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

 

Latest News