റിയാദ് - രാജ്യത്തെ തൊഴിൽ നിയമം അനുസരിച്ച് സ്വകാര്യ മേഖലാ തൊഴിലാളികളുടെ കൂടിയ തൊഴിൽ സമയം എട്ടു മണിക്കൂറാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ സമയം കണക്കാക്കുന്നതിന് തൊഴിലുടമ ദിവസമാണ് മാനദണ്ഡമാക്കുന്നതെങ്കിൽ ഒരു കാരണവശാലും തൊഴിൽ സമയം എട്ടു മണിക്കൂറിലും ആഴ്ചയാണ് മാനദണ്ഡമാക്കുന്നതെങ്കിൽ 48 മണിക്കൂറിലും കൂടാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ കൂടുതൽ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് നിയമ ലംഘനമാണ്.
നിർമാണ മേഖലയിൽ സൗദികളുടെ ശരാശരി തൊഴിൽ സമയം 65 മണിക്കൂറും വിദേശികളുടെ തൊഴിൽ സമയം 71 മണിക്കൂറും ആണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തൊഴിൽ നിയമം അനുസരിച്ച് നിർമാണ മേഖലയിലെ തൊഴിലാളികൾ ചൂഷണങ്ങൾക്ക് വിധേയരാകുന്നതായാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.