- വിദേശികളുടെ തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂർ
റിയാദ് - നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ തൊഴിൽസമയം നിയമം അനുശാസിക്കുന്നതിലും ഏറെ കൂടുതലാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിർമാണ മേഖലയിൽ ആകെ 1,44,887 സൗദികൾ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ ഭൂരിഭാഗം പേരും 250 ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളിൽ 2,214 പേർ കഠിന ജോലികൾ നിർവഹിക്കുന്ന സാദാ തൊഴിലാളികളാണ്. ഇവർ ആഴ്ചയിൽ ശരാശരി 65 മണിക്കൂർ വീതം ജോലി ചെയ്യുന്നുണ്ട്. ആഴ്ചയിൽ അവധിയെടുക്കാതെ ജോലി ചെയ്യുന്ന പക്ഷം ദിവസേന ഒമ്പതു മണിക്കൂറിലധികവും ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കുന്ന പക്ഷം ദിവസേന 11 മണിക്കൂറോളവും ഇവർ ജോലി ചെയ്യുന്നുണ്ട്.
മെഷീൻ ഓപ്പറേറ്റർമാരായും അസംബ്ലി തൊഴിലാളികളായും 51,428 സൗദികൾ ജോലി ചെയ്യുന്നുണ്ട്. ഇവർ ആഴ്ചയിൽ ശരാശരി 60 മണിക്കൂർ ജോലി ചെയ്യുന്നു. ആഴ്ചയിൽ അവധിയെടുക്കാത്ത പക്ഷം ദിവസേന എട്ടര മണിക്കൂറും ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കുന്ന പക്ഷം പ്രതിദിനം പത്തു മണിക്കൂറും ഇവർ തൊഴിലെടുക്കുന്നുണ്ട്. സേവന മേഖലയിൽ 50,861 സൗദികൾ ജോലി ചെയ്യുന്നു. ഇവരുടെ ശരാശരി പ്രതിവാര തൊഴിൽ സമയം 59 മണിക്കൂറാണ്. ആഴ്ചയിൽ അവധിയെടുക്കാത്ത പക്ഷം ഇവർ ദിവസേന ശരാശരി എട്ടര മണിക്കൂറോളവും ഒരു ദിവസം അവധിയെടുക്കുന്ന പക്ഷം ദിവസേന ശരാശരി പത്തു മണിക്കൂറോളവും ജോലി ചെയ്യുന്നു.
നിർമാണ മേഖലയിൽ 9,23,978 വിദേശികൾ ജോലി ചെയ്യുന്നുണ്ട്. നിർമാണ മേഖലയിലെ ആകെ തൊഴിലാളികളിൽ 86 ശതമാനം വിദേശികളാണ്. ഇവരിൽ ഭൂരിഭാഗവും താഴെക്കിടയിലുള്ള, കഠിനാധ്വാനം ആവശ്യമുള്ള തൊഴിലുകളാണ് ചെയ്യുന്നത്. 4,45,094 വിദേശികൾ ഇത്തരം ജോലികൾ ചെയ്യുന്നുണ്ട്. ഇവർ പ്രതിവാരം 71 മണിക്കൂർ ജോലി ചെയ്യുന്നു. ആഴ്ചയിൽ അവധിയെടുക്കാത്ത പക്ഷം നിർമാണ മേഖലയിലെ വിദേശികൾ ദിവസേന ശരാശരി പത്തു മണിക്കൂറിലേറെ നേരവും ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കുന്ന പക്ഷം ദിവസേന ശരാശരി പന്ത്രണ്ടു മണിക്കൂറോളവും തൊഴിൽ ചെയ്യുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.