ബുറൈദ - വിദേശത്തേക്ക് വൻതുക ഒളിപ്പിച്ച് കടത്താനുള്ള നീക്കം അൽഖസീം പ്രിൻസ് നായിഫ് എയർപോർട്ട് കസ്റ്റംസ് പരാജയപ്പെടുത്തി.
ഈത്തപ്പഴ പെട്ടികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 23,54,000 റിയാൽ കസ്റ്റംസ് പിടികൂടി.
ഈത്തപ്പഴ പെട്ടികൾ വിമാനത്തിൽ കയറ്റുന്നതിനുള്ള നടപടികൾക്കിടെ തൊഴിലാളിയുടെ മുഖത്തെ പരിഭ്രമം കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
ആകെ 23,54,000 റിയാലാണ് ഈത്തപ്പഴ പെട്ടികളിൽ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്തുന്നതിന് ശ്രമിച്ചത്. പണവുമായി തനിക്ക് ഒരുവിധ ബന്ധവുമില്ലെന്ന് തൊഴിലാളി വാദിച്ചു. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ വിശദമായ അന്വേഷണം തുടരുകയാണ്. മയക്കുമരുന്ന്, പണം കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ച് 1910 എന്ന നമ്പറിൽ ബന്ധപ്പെട്ട വിവരങ്ങൾ നൽകി എല്ലാവരും സഹകരിക്കണമെന്ന് സൗദി കസ്റ്റംസ് ആവശ്യപ്പെട്ടു.