റിയാദ് - സൗദി ബാങ്കുകൾക്ക് ബാധകമായ സകാത്ത് വിഹിതം ലാഭത്തിന്റെ 20 ശതമാനമായി ഉയർത്തുന്നതിനെ കുറിച്ച് പ്രാദേശിക ബാങ്കുകളുമായി സക്കാത്ത്, നികുതി അതോറിറ്റി ചർച്ചകൾ നടത്തുന്നുണ്ട് എന്ന നിലക്ക് പുറത്തുവന്ന റിപ്പോർട്ട് തെറ്റാണെന്ന് അതോറിറ്റി അറിയിച്ചു.
ബാങ്കുകൾ അടക്കം സൗദിയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ സകാത്ത് വിഹിതം വർധിപ്പിക്കുന്നതിന് നിലവിൽ ഒരുവിധ പദ്ധതിയുമില്ലെന്ന് അതോറിറ്റി പറഞ്ഞു. സൗദിയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾ ലാഭത്തിന്റെ ഇരുപതു ശതമാനമാണ് നികുതിയായി അടക്കേണ്ടത്. ഇതിന് തുല്യമായ നിരക്കിലേക്ക് സൗദി ബാങ്കുകൾക്ക് ബാധകമായ സകാത്ത് വിഹിതം ഉയർത്തുന്നതിനാണ് നീക്കമെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് ആണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സൗദി ബാങ്കുകൾ ലാഭത്തിന്റെ പത്തു ശതമാനമാണ് സകാത്ത് വിഹിതമായി അടക്കേണ്ടത്. ബാങ്കുകൾക്കുള്ള സകാത്ത് വിഹിതം ഇരുപതു ശതമാനത്തിൽ കുറവായി നിശ്ചയിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും നിലവിലെ സകാത്ത് വിഹിതമായ പത്തു ശതമാനത്തിൽ കൂടുതലായിരിക്കും ബാങ്കുകൾക്ക് ബാധകമാക്കുന്ന പുതിയ സകാത്ത് വിഹിതമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
സകാത്ത് വിഹിതത്തെ ചൊല്ലി സൗദി ബാങ്കുകളും സകാത്ത്, നികുതി അതോറിറ്റിയും തമ്മിലുള്ള തർക്കം പരിഹരിച്ചതായി സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത പന്ത്രണ്ടു സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. മുൻ വർഷങ്ങളിലെ സകാത്ത് വിഹിത കുടിശ്ശികയായി ബാങ്കുകൾ ബില്യൺ കണക്കിന് റിയാൽ അധികം അടക്കണമെന്ന് സകാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെട്ടതാണ് ബാങ്കുകളും അതോറിറ്റിയും തമ്മിൽ തർക്കം ഉടലെടുക്കുന്നതിന് കാരണം. സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം ആകെ 4,996 കോടി റിയാൽ ലാഭം നേടിയിരുന്നു.