റിയാദ് - ബംഗ്ലാദേശിൽ പശ്ചാത്തല വികസന മേഖലയിൽ സൗദി അറേബ്യ 3,500 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് ധനമന്ത്രി മുസ്തഫ കമാൽ പറഞ്ഞു.
വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് സന്ദർശിക്കുന്ന സൗദി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു ധനമന്ത്രി. റോഡുകൾ, റെയിൽവെ, വൈദ്യുതി, ഊർജം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, മരുന്ന് നിർമാണം, ഭക്ഷ്യവസ്തു നിർമാണം, ടെക്‌സ്റ്റൈൽസ് എന്നീ മേഖലകളിൽ സൗദി നിക്ഷേപങ്ങളോടെ പദ്ധതികൾ നടപ്പാക്കുമെന്നും മുസ്തഫ കമാൽ പറഞ്ഞു. എത്ര സമയത്തിനുള്ളിലാണ് സൗദി അറേബ്യ ബംഗ്ലാദേശിൽ ഇത്രയും നിക്ഷേപങ്ങൾ നടത്തുകയെന്ന് മന്ത്രി വ്യക്താക്കിയില്ല. അതേസമയം, സൗദി അറേബ്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രതിവർഷ ഉഭയകക്ഷി വ്യാപാരം 140 കോടി ഡോളർ മാത്രമാണെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു.
സൗദി, ബംഗ്ലാദേശ് ബന്ധം അടുത്ത കാലത്ത് ശക്തമായിട്ടുണ്ട്. ബംഗ്ലാദേശിൽ നിക്ഷേപാവസരങ്ങൾ പഠിക്കുന്നതിന് ജോയിന്റ് കൗൺസിൽ സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ധാരണയിലെത്തിയിട്ടുണ്ട്. നിക്ഷേപങ്ങളും ബിസിനസും വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനാണ് സൗദി സംഘം ബംഗ്ലാദേശിൽ എത്തിയിരിക്കുന്നതെന്ന് ഡോ. മാജിദ് അൽഖസബി പറഞ്ഞു.
വാണിജ്യ, നിക്ഷേപ മേഖലകളിൽ ബംഗ്ലാദേശിന്റെ യഥാർഥ പങ്കാളിയായി മാറുന്നതിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സൗദിയിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശുകാർ സ്വദേശത്തേക്ക് 260 കോടി ഡോളർ അയച്ചിരുന്നു. സൗദിയിൽ 20 ലക്ഷത്തിലേറെ ബംഗ്ലാദേശുകാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ബംഗ്ലാദേശ് പ്രവാസികാര്യ മന്ത്രി ഇംറാൻ അഹ്മദ് അടുത്തിടെ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിൽ വെച്ച് ജിദ്ദയിലെ റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. ജിദ്ദ ചേംബർ സെക്രട്ടറി ജനറൽ ഹസൻ ദഹ്‌ലാനും റിക്രൂട്ട്‌മെന്റ് ഓഫീസ് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ ആലുമഖ്ബൂലും റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകളും യോഗത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളിലെയും വ്യവസായികൾക്കിടയിൽ പാലം പണിയുന്നതിന് ബംഗ്ലാദേശിലെ ചേംബർ ഓഫ് കൊമേഴ്‌സുകളുമായി സഹകരിക്കുന്നതിന് ജിദ്ദ ചേംബർ ഒരുക്കമാണെന്ന് യോഗത്തിൽ ഹസൻ ദഹ്‌ലാൻ പറഞ്ഞു. ബംഗ്ലാദേശിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സൗദി വ്യവസായികളെ യോഗത്തിൽ വെച്ച് ബംഗ്ലാദേശ് പ്രവാസികാര്യ മന്ത്രി ക്ഷണിച്ചു.