കൊച്ചി: വളയിട്ട കൈകളില്‍ പോലീസ് സ്‌റ്റേഷനുകളുടെ ഭരണം ഭദ്രം. വനിതാ ദിനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പൊലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി (എസ്എച്ച്ഒ) വനിതകള്‍ തിളങ്ങി. ഒട്ടുമിക്ക സ്‌റ്റേഷനുകളിലും ജിഡി ചാര്‍ജ്, പാറാവ് ചുമതല വനിതാ പൊലീസുകാര്‍ക്കായിരുന്നു. കൊലപാതകം, കവര്‍ച്ച, പീഡനം തുടങ്ങി സ്‌റ്റേഷന്‍ പരിധിയില്‍ പ്രധാനപ്പെട്ട ഏതു കുറ്റകൃത്യമുണ്ടായാലും കേസെടുക്കേണ്ടതും അന്വേഷണം നടത്തേണ്ടതും എസ്എച്ച്ഒയാണ്. അടുത്തിടെ പൊലീസ് വകുപ്പില്‍ നടപ്പാക്കിയ പരിഷ്‌കരണത്തെ തുടര്‍ന്ന് എസ്‌ഐമാര്‍ക്ക് പകരം ഇന്‍സ്‌പെക്റ്റര്‍മാര്‍ക്കാണ് (സിഐ) എസ്എച്ച്ഒ പദവി. വര്‍ഷങ്ങള്‍ക്ക് മുമ്പു പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം കേരളത്തില്‍ ആദ്യമായി നടപ്പാക്കിയ സ്‌റ്റേഷനുകളില്‍ ഒന്ന് ഇന്‍ഫോപാര്‍ക്കാണ്. വനിതാ ദിനത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ ചുമതലയില്‍ സീനിയര്‍ സിവില്‍ ഓഫിസര്‍ കെ.ഷീബ ഇവിടുത്തെ എസ്എച്ച്ഒ ആയി നിയമിതയായ രാധാമണി ഇന്നലെയും പതിവു പോലെ പ്രവര്‍ത്തന നിരതയായി. രണ്ടു മാസത്തിനകം സര്‍വീസില്‍ നിന്നും വിരമിക്കുന്ന രാധാമണിക്ക് ഇത് വകുപ്പിലെ അവസാനത്തെ വനിതാ ദിനം. തൊട്ടടുത്ത തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ എസ്‌ഐ സുമിത്രയായിരുന്നു ഇന്നലെ എസ്എച്ച്ഒ. രാവിലെ ചുമതല ഏറ്റയുടന്‍ പോയത് ഇന്‍ക്വസ്റ്റ് നടത്താന്‍. കാക്കനാട് മുണ്ടംപാലത്ത് തൂങ്ങിമരിച്ച വൃദ്ധയുടെ ഇന്‍ക്വസ്റ്റായിരുന്നു. സഹായിക്കാന്‍ വനിതാ സിപിഒ ബഷീറയും ഒപ്പമുണ്ടായിരുന്നു. എളമക്കര, എറണാകുളം സൗത്ത്, നോര്‍ത്ത് തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളില്‍ ജിഡി ചാര്‍ജ് ചുമതല വനിതാ പൊലിസുകാര്‍ക്ക് നല്‍കി. അങ്കമാലി പൊലീസ് സ്‌റ്റേഷനില്‍ ഗ്രേഡ് എസ്‌ഐ ആന്‍സിയായിരുന്നു എസ്എച്ച്ഒ. രാവിലെ നടത്തിയ പട്രോളിങില്‍ മദ്യപിച്ച് ബൈക്കില്‍ കറങ്ങിയ ആളെ പിടികൂടി കേസെടുത്തു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വഞ്ചനാ കുറ്റവുമായി ബന്ധപ്പെട്ട മൂന്നു കേസുകളെടുത്തു. മുനമ്പം പൊലീസ് സ്‌റ്റേഷനില്‍ ഏഴ് വനിതാ പൊലീസുകാരാണുള്ളത്. എസ്എച്ച്ഒ പദവി ആര്‍ക്കും നല്‍കിയില്ലെങ്കിലും ജിഡി ചാര്‍ജ്, പിആര്‍ഒ, പാറാവ് ജോലികള്‍ വനിതാ പൊലീസിനെ ഏല്‍പ്പിച്ചു. എറണാകുളം റൂറലില്‍ ഏറ്റവും തിരക്കുള്ള ആലുവ സ്‌റ്റേഷനില്‍ സീനിയര്‍ സിപിഒ കെ.ഷീബയും കൂത്താട്ടുകുളത്ത് എസ്‌ഐ എസ്.എന്‍.ഷീലയും ഇന്നലെ എസ്എച്ച്ഒയുടെ റോളിലായിരുന്നു.