കാസര്‍കോട്- പരീക്ഷാ ഹാളില്‍ പുഞ്ചിരി തൂകുന്ന ഏട്ടന്മാരുടെ മുഖം തെളിഞ്ഞപ്പോള്‍ സഹോദരിമാര്‍ക്ക് വിതുമ്പല്‍ അടക്കാന്‍ കഴിഞ്ഞില്ല. കൊലയാളികളുടെ കൊലക്കത്തിക്ക് ഇരയായി ഏട്ടന്മാരെ നഷ്ടപ്പെട്ടതിന്റെ തേങ്ങല്‍ അടക്കാന്‍ കഴിയാതെ തോരാത്ത കണ്ണീരുമായി പരീക്ഷാ ഹാളിലേക്കെത്തേണ്ടി വന്ന സഹോദരിമാരുടെ കണ്ണുനീര്‍ വീണ് ഉത്തരക്കടലാസുകള്‍ നനഞ്ഞു.
ചോദ്യക്കടലാസുകളിലേക്ക് നോക്കുമ്പോള്‍ ഇരുവരുടെയും കണ്ണുകളിലേക്ക് തെളിഞ്ഞു വന്നത് ഏട്ടന്മാരുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ഇരുവരെയും പഠിപ്പിച്ച് വലിയവരാക്കണമെന്നായിരുന്നു എതിരാളികളുടെ കൊലക്കത്തിക്കിരയായി വിട്ടുപിരിഞ്ഞ കൃപേഷിന്റെയും ശരത് ലാലിന്റെയും അടങ്ങാത്ത മോഹം. അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തോടെ തന്നെയായിരുന്നു ഏട്ടന്മാരുടെ ചിത എരിഞ്ഞടങ്ങുന്നതിന് മുമ്പ് ശരത് ലാലിന്റെ സഹോദരി അമൃതയും കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയും പരീക്ഷാ ഹാളിലെത്തിയത്.
പെരിയ അംബേദ്കര്‍ കോളേജില്‍ സെക്യൂരിറ്റി അനാലിസ് കോര്‍ട്ട് പോളിയോ മാനേജ്‌മെന്റ് പരീക്ഷ എഴുതാന്‍ അമൃതയും, പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതാന്‍ കൃഷ്ണപ്രിയയും എത്തിയപ്പോള്‍ ഇരുവരുടെയും സഹപാഠികളും സമാശ്വാസവുമായി എത്തി. അംബേദ്കര്‍ കോളേജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അമൃത. പഠിക്കാന്‍ മിടുക്കിയായ അമൃതയുടെ ഗുരുവും വഴികാട്ടിയും എന്‍ജിനീയറിംഗ് ബിരുദധാരിയായ ഏട്ടന്‍ ശരത് ലാലായിരുന്നു. ശരത്തിനെ അമൃതയും കൂട്ടുകാരികളുമൊക്കെ ജോഷിയേട്ടാ എന്നു വിളിച്ചു.
കൊല്ലപ്പെടുന്നതിന്റെ തലേദിവസം രാത്രി ഏറെ നേരം അമൃതക്ക് ജോഷിയേട്ടന്‍ പാഠങ്ങള്‍ പറഞ്ഞു കൊടുത്തു. പുലര്‍ച്ചെ അഞ്ചു മണിക്ക് നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ചും അമൃതക്ക് ഏട്ടന്‍ ട്യൂഷന്‍ നല്‍കി. വീട്ടില്‍ ഏട്ടന്റെ വല്ലാത്ത കരുതലിലായിരുന്നു അനുജത്തി അമൃത. രാത്രിയില്‍ ഉറങ്ങുമ്പോള്‍ പോലും ഏട്ടന്‍ സ്‌നേഹസ്പര്‍ശവുമായി തൊട്ടരികിലുണ്ടാകും. അമൃതയുടെ മാത്രമല്ല മാതൃ സഹോദരീ പുത്രിക്കും കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ ഉള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ഥിനികള്‍ക്കും ശരത്‌ലാല്‍ ക്ലാസെടുക്കുമായിരുന്നു.
പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം അംഗമായ കൃഷ്ണപ്രിയയും പഠിക്കാന്‍ ഏറെ മിടുക്കിയാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിടെക്‌നിക് പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന കൃപേഷിന്റെ സ്വപ്‌നവും അനുജത്തി കൃഷ്ണപ്രിയയുടെ പഠനമായിരുന്നു. ഏട്ടന്മാരുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടുന്ന മനസുമായാണ് അമൃതയും കൃഷ്ണപ്രിയയും പരീക്ഷയെഴുതാനെത്തിയത്. ഇരുവരും കൊല്ലപ്പെട്ട ശേഷം വീട്ടിലെത്തിയ നേതാക്കളും വേണ്ടപ്പെട്ടവരുമൊക്കെ കണ്ണീരില്‍ മുങ്ങിക്കഴിഞ്ഞ സഹോദരിമാരോട് പഠനം തുടരണമെന്നും പരീക്ഷ എഴുതണമെന്നും സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചിരുന്നു.
പെരിയ അംബേദ്കര്‍ കോളേജിലെ അമൃതയുടെ പഠനം പൂര്‍ണമായും കോളേജ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കാനുള്ള സന്നദ്ധത കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി ചെയര്‍മാന്‍ പാലക്കി സി.കുഞ്ഞാമദ് ഹാജി വീട്ടിലെത്തി അറിയിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമെന്ന് പ്രതിജ്ഞ ചെയ്താണ് രണ്ടു മിടുക്കികളും പരീക്ഷയെഴുതി മടങ്ങിയത്.
-