കാസര്‍കോട്- പെരിയ ഇരട്ടക്കൊലക്കേസില്‍ ആരോപണ വിധേയനായ സി.പി.എം പ്രാദേശിക നേതാവിന്റെ പാറ കംപ്രസര്‍ തീവെച്ച് നശിപ്പിച്ച നിലയില്‍. കല്യോട്ടെ ശാസ്താ ഗംഗാധരന്റെ കംപ്രസറാണ് കത്തിച്ചത്. ഇയാളുടെ ഉടമസ്ഥയിലുള്ള ആയമ്പാറയിലെ കരിങ്കല്‍ ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട പാറ പൊട്ടിക്കാനുപയോഗിക്കുന്ന കംപ്രസറാണ് കഴിഞ്ഞ രാത്രി കത്തിയ നിലയില്‍ കണ്ടത്. ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് ശാസ്താ ഗംഗാധരന്റെ കാറുകളും ജീപ്പുകളും അടക്കമുള്ള വാഹനങ്ങള്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് ഗംഗാധരനും കുടുംബവും കല്യോട്ടെ വീടു പൂട്ടി താമസം മാറ്റിയിരിക്കുകയാണ്. ഗംഗാധരന്റെ ഉടമസ്ഥതയില്‍ പന്ത്രണ്ടോളം വാഹനങ്ങളുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്നതിന്റെ ഗൂഢാലോചനയില്‍ ഗംഗാധരന് പങ്കുള്ളതായി ആരോപണമുണ്ട്. ഇയാളുടെ മകന്‍ ഗിജിന്‍ കേസില്‍ അറസ്റ്റിലായി ജയിലിലാണ്.