റിയാദ് - പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് അബഹയില്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. അബഹയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി നീങ്ങുന്ന ഡ്രോണ്‍ സൗദി സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടു.
തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് സ്ത്രീയടക്കം അഞ്ചു സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ആറു വാഹനങ്ങള്‍ക്കും ഏതാനും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ സ്ത്രീ അടക്കം നാലു പേര്‍ സൗദികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്. ഇറാന്‍ നിര്‍മിത പൈലറ്റില്ലാ വിമാനമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി.