പാലക്കാട് - കേരളത്തിൽ ജനസംഖ്യാ കണക്കെടുത്താൽ അത്ര നിർണ്ണായക ശക്തിയൊന്നുമല്ല ആദിവാസികൾ. എങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതൽ ചെലവാകുന്ന മുദ്രാവാക്യങ്ങളിലൊന്നാണ് ഇവിടെ ആദിവാസി സംരക്ഷണം. വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലുമെല്ലാം പതിവായി ഉയർന്നു കേൾക്കുന്ന കുറേ വിഷയങ്ങൾ വീണ്ടും വാർത്താ മാധ്യമങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയനേതാക്കൾ ഊരുകൾ തോറും കയറിയിറങ്ങുന്ന പതിവുകാഴ്ചയാണ് അട്ടപ്പാടിയിലേത്. ശിശുമരണം, പട്ടിണി, മധു എന്ന ആദിവാസി യുവാവിന്റെ ദാരുണമായ മരണം, ലഹരിമാഫിയ എന്നിങ്ങനെയുള്ള ദുരന്തവാർത്തകളാൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഈ ഭൂപ്രദേശം ഇരുമുന്നണികളുടേയും ബി.ജെ.പിയുടേയും വാഗ്ദാനപ്പെരുമഴയിൽ കോരിത്തരിക്കാനുള്ള ദിവസങ്ങളാണ് വരാനിരിക്കുന്നത്.
മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന അട്ടപ്പാടിയിലെ ആദിവാസി സമൂഹം തെരഞ്ഞെടുപ്പിൽ വലിയ ചലനമൊന്നുമുണ്ടാക്കാൻ പ്രാപ്തിയുള്ളവരല്ല. തെരഞ്ഞെടുപ്പ് ലോകസഭയിലേക്കാവുമ്പോൾ ആദിവാസി വോട്ടിന്റെ പ്രാധാന്യം പിന്നേയും കുറയുന്നു. ഇരുപത്തിയയ്യായിരത്തോളം വരുന്ന ആദിവാസി വോട്ടുകൾ നേടിയെടുക്കുന്നതിന് അപ്പുറത്തേക്കാണ് ഈ വിഷയം തെരഞ്ഞെടുപ്പ് ഗോദയിൽ ഉന്നയിക്കുന്നവരുടെ എല്ലാം നോട്ടം. അതുകൊണ്ട് മാത്രമാണ് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പട്ടിണി ഉൾപ്പെടെയുള്ള പതിവ് വിഷയങ്ങളെ കടന്ന് ഈ മേഖലയിലെ രാഷ്ട്രീയ ചർച്ചകൾ വഴിമാറാതെ നിൽക്കുന്നത്.
സമീപകാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ പ്രധാന സംഭവങ്ങളിലൊന്നാണ് അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ് ആൾക്കൂട്ടത്തിന്റെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുറച്ചു പേർ അറസ്റ്റിലായത് ഒഴിച്ചാൽ പരിഹാരക്രിയകളൊന്നും പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അഭ്യസ്തവിദ്യനായ ഒരു ആദിവാസി യുവാവ് മാനസിക തകരാറ് സംഭവിച്ച് ഏകാന്തവാസം നയിക്കാനിടയായതിന്റെ സാമൂഹികമായ കാരണങ്ങളെക്കുറിച്ച് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമൊന്നും കണ്ടില്ല. ആദിവാസിയൂരുകളിലെ പട്ടിണി മാറ്റാൻ സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സമൂഹ അടുക്കളകൾ അധികവും അപ്രത്യക്ഷമായി. എന്തെല്ലാം നടപടികൾ എടുത്തു എന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും ആദിവാസി മേഖലയിൽനിന്ന് ഇപ്പോഴും ഇടക്കിടെ ശിശുമരണ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചു പിടിക്കുമെന്ന പതിവ് പ്രഖ്യാപനത്തിൽ തന്നെ ഭൂമിപ്രശ്‌നം തടഞ്ഞു നിൽക്കുന്നു. ഇതിനൊക്കെ പുറമേയാണ് മാവോയിസ്റ്റുകളുടെ ഇടപെടൽ. സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവർത്തനം ഇപ്പോഴും നിലനിൽക്കുന്ന പ്രദേശമാണ് അട്ടപ്പാടി. മാവോയിസ്റ്റുകളെ സഹായിക്കുന്നു എന്നാരോപിച്ച് പോലീസും ഒറ്റുകാരെന്ന് മുദ്ര കുത്തി മാവോവാദികളും പല ഊരുകളേയും പ്രതിക്കൂട്ടിൽ നിർത്തുന്നു.
അര നൂറ്റാണ്ട് മുമ്പ് അട്ടപ്പാടിയിലെ ജനസംഖ്യയിൽ തൊണ്ണൂറു ശതമാനത്തോളം ആദിവാസികൾ ആയിരുന്നു എങ്കിൽ ഇപ്പോഴത് അമ്പതു ശതമാനത്തോളമാണ്. കുടിയേറ്റക്കാർ സംഘടിത ശക്തിയായതിനാൽ അവരെ കേന്ദ്രീകരിച്ചാണ് ഇരുമുന്നണികളുടേയും പ്രവർത്തനങ്ങൾ. ഭൂമിപ്രശ്‌നമുൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ കൃത്യമായ നിലപാട് എടുക്കാത്തതും അതുകൊണ്ടു തന്നെ. രണ്ടു മുന്നണികളേയും പ്രതിക്കൂട്ടിൽ കയറ്റി വനവാസികളെ സ്വന്തം കുടക്കീഴിൽ അണിനിരത്താൻ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. സംഘ്പരിവാർ സുരേഷ്‌ഗോപിയെ മുന്നിൽ നിർത്തി ഒരു ഗ്രാമം ദത്തെടുത്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ദത്തെടുക്കലിനു ശേഷം കാര്യമായ തുടർപ്രവർത്തനങ്ങളൊന്നും അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല.