ജിദ്ദ - സൗദിയിലെ പ്രധാന വിനോദ സഞ്ചാര പദ്ധതികളായ നിയോം, ഖിദിയ, ചെങ്കടൽ പദ്ധതികളെ ബന്ധിപ്പിച്ച് അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പർ ലൂപ് സ്ഥാപിക്കാൻ നീക്കമുള്ളതായി റിപ്പോർട്ട്. അടുത്തയാഴ്ച നടക്കുന്ന 'ദി ബിഗ് ഫൈവ്' എക്‌സിബിഷനിൽ പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങൾ വിർജിൻ ഹൈപ്പർ ലൂപ് കമ്പനി വെളിപ്പെടുത്തിയേക്കുമെന്ന് അറേബ്യൻ ഇൻഡസ്ട്രി വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിക്ക് ഏതു തരത്തിലുള്ള പിന്തുണ നൽകാനാകുമെന്നത് സംബന്ധിച്ച് ഈ മാസം പത്തു മുതൽ പതിമൂന്നു വരെ ജിദ്ദ സെന്റർ ഫോർ ഫോറംസിൽ സംഘടിപ്പിക്കുന്ന എക്‌സിബിഷനിൽ വിശദമാക്കും. വിർജിൻ ഹൈപ്പർ ലൂപ് കമ്പനി വൈസ് പ്രസിഡന്റ് കോളിൻ റൈസാണ് ഇക്കാര്യം വിശദീകരിക്കുക.
ഗൾഫ് രാജ്യങ്ങൾക്ക് സമാന്തരമായി കടന്നുപോകുന്ന ഹൈപ്പർ ലൂപ് പാതയുടെ വിശദാംശങ്ങൾ എക്‌സിബിഷനിൽ അനാവരണം ചെയ്യും. അമ്പതിനായിരം കോടി ഡോളർ നിക്ഷേപത്തോടെ പൂർത്തിയാക്കുന്ന നിയോം പദ്ധതി, ചെങ്കടൽ പദ്ധതി എന്നിവിടങ്ങളിലും ജിദ്ദയിലും മക്കയിലും റിയാദിലും കുവൈത്തിലും അബുദാബിയിലും ദുബായിലും മസ്‌കത്തിലും സ്ഥാപിക്കാനിരിക്കുന്ന ഹൈപ്പർ ലൂപ് സ്റ്റേഷനുകളെ കുറിച്ച വിശദാംശങ്ങളും എക്‌സിബിഷനിൽ വെളിപ്പെടുത്തും. റിയാദിൽ നിന്ന് ജിദ്ദയിലേക്ക് 46 മിനിറ്റ് കൊണ്ട് എത്താൻ ഹൈപ്പർ ലൂപ് സാങ്കേതിക വിദ്യക്ക് സാധിക്കും.
സൗദിയിൽ പുതിയ വ്യവസായ കേന്ദ്രം സൃഷ്ടിക്കുന്നതിന് ഹൈപ്പർ ലൂപ് സാങ്കേതിക വിദ്യ സഹായിക്കുമെന്ന് കോളിൻ റൈസ് പറഞ്ഞു. ചരക്കുകളുടെ ഇറക്കുമതിയും കയറ്റുമതിയും അതിവേഗം ചെയ്യാനും ഇതിലൂടെ സാധിക്കും. റിയാദിൽനിന്ന് നിയോം സിറ്റിയിലേക്ക് ഹൈപ്പർ ലൂപിൽ യാത്ര ചെയ്യാനാകുമെന്നും കോളിൻ റൈസ് പറഞ്ഞു.
ഉയർന്ന സാങ്കേതിക വിദ്യയിലുള്ള തൊഴിലുകൾ സൗദി യുവാക്കൾക്ക് ലഭ്യമാക്കാനും രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനം വർധിപ്പിക്കാനും ഹൈപ്പർ ലൂപ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈപ്പർ ലൂപ് സാങ്കേതിക വിദ്യ സൗദി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കാൻ ലോസ് ആഞ്ചലസിലെ വിർജിൻ ഹൈപ്പർ ലൂപ് കമ്പനി ആസ്ഥാനത്ത് 21 സൗദി യുവാക്കൾക്ക് ട്രെയിനിംഗ് സ്‌കോളർഷിപ്പ് അനുവദിക്കാൻ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷനുമായി കഴിഞ്ഞ വർഷം കമ്പനി സഹകരിച്ചിരുന്നു. ഇക്കൂട്ടത്തിൽ പെട്ട മൂന്നു സൗദി ട്രെയിനികൾക്ക് കമ്പനി ഫുൾടൈം അടിസ്ഥാനത്തിൽ ജോലി നൽകിയിട്ടുണ്ട്.