കോഴിക്കോട്- വയനാട്ടിലെ വൈത്തിരിക്കു സമീപം സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി സി.പി ജലീലിന് വെടിയേറ്റത് പിന്നില്‍ നിന്ന്. പിറകില്‍ നിന്നേറ്റ വെടിയുണ്ട തുളച്ച് കയറി കണ്ണിനു സമീപത്തുകൂടി കടന്നു പോയ നിലയിലാണ്. ശരീരത്തില്‍ പലയിടത്തും വെടിയേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഉപവന്‍ റിസോര്‍ട്ടില്‍ ഏറ്റുമുട്ടലുണ്ടായത്. 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടെത്തിയതായിരുന്നു മാവോവാദി സംഘം. വ്യാഴാഴ്ച രാവിലെയാണ് ജലീല്‍ കൊല്ലപ്പെട്ട വിവരം പോലീസ് സ്ഥിരീകരിച്ചത്.
ഇതു സംബന്ധിച്ച പോലീസിന്റെ വാദങ്ങളില്‍ സംശയമുണര്‍ത്തുന്നതാണ് റിസോര്‍ട്ട് അധികൃരുടെ വെളിപ്പെടുത്തല്‍. ആദ്യം വെടിവച്ചത് പോലീസാണെന്ന് റിസോര്‍ട്ടിലെ ജീവനക്കാര്‍ പറയുന്നു. മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍ പോലീസിനെ അറിയിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. മാവോവാദികള്‍ എത്തിയെന്ന വിവരമറിഞ്ഞെത്തിയ പോലീസാണ് വെടിയുതിര്‍ത്തതെന്ന് റിസോര്‍ട്ട് അധികൃതര്‍ പറയുന്നു. മാവോവാദികള്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്ന പോലിസീന്റെ വാദത്തെ സംശയത്തിലാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.
ആത്മരക്ഷയ്ക്കാണാ പോലീസ് വെടിവെച്ചതെന്നും സായുധ പോലീസിനെ കണ്ടപ്പോള്‍ മാവോവാദികളായ രണ്ടു പേരാണ് ആദ്യം വെടിയുതിര്‍ത്തതെന്നുമാണ് കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യയ കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. എ.കെ 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികള്‍ വെടിവെച്ചതെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ജലീലിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചത് നാടന്‍ തോക്കായിരുന്നു.