Sorry, you need to enable JavaScript to visit this website.

പൊന്നാനിയിൽ മാറി മറിഞ്ഞ് ഇടതു പട്ടിക

മലപ്പുറം-ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയെ സംബന്ധിച്ച് ഇടതുമുന്നണിയിൽ കടുത്ത ആശയക്കുഴപ്പം. പൊന്നാനിയിലേക്ക് പരിഗണിച്ച സ്വതന്ത്രൻമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിൽ സി.പി.എമ്മിനുള്ളിൽ സമവായമുണ്ടാകാത്തതാണ് തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത്. 
മലപ്പുറം ജില്ലയിലെ സിറ്റിംഗ് എം.എൽ.എമാരായ പി.വി. അൻവർ, വി. അബ്ദുറഹ്മാൻ, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് എന്നിവരുടെ പേരുകളാണ് പൊന്നാനിയിലേക്ക് ഇടതുമുന്നണി പരിഗണിക്കുന്നത്. സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് സ്ഥാനാർഥി പ്രഖ്യാപനം നീണ്ടു പോകാൻ കാരണം. മലപ്പുറം മണ്ഡലത്തിലേക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഇടതുപക്ഷത്തിന് പൊന്നാനിയുടെ കാര്യത്തിൽ എളുപ്പത്തിൽ തീരുമാനമെടുക്കാൻ കഴിയുന്നില്ല.
സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്തിന്റെ പേരാണ് ആദ്യം പൊന്നാനിയിലേക്ക് പരിഗണിക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ മൽസരിച്ച നിയാസ് കടുത്ത പോരാട്ടം കാഴ്ചവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മുസ്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായ തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടുമെന്ന പ്രതീതി ജയിപ്പിക്കാനും നിയാസിന് കഴിഞ്ഞിരുന്നു. 
തിരൂരങ്ങാടിയിലെ രാഷ്ട്രീയ തന്ത്രങ്ങൾ പുറത്തെടുത്താൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ നിയാസിന് മികച്ച മൽസരം കാഴ്ചവെക്കാനാകുമെന്നാണ് ഇടതു നേതൃത്വം കരുതിയത്. അതേസമയം, നിയാസിന് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ താൽപര്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മൽസരിക്കാനാണെന്ന നിലപാട് ഇടതു നേതൃത്വത്തെ വെട്ടിലാക്കി. ഇതോടെയാണ് താനൂർ എം.എൽ.എയായ വി.അബ്ദുറഹ്മാനെയോ നിലമ്പൂർ എം.എൽ.എയായ പി.വി.അൻവറിനെയോ മൽസരിപ്പിക്കാൻ സി.പി.എം ശ്രമം തുടങ്ങിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി അബ്ദുറഹ്മാൻ രണ്ടത്താണിയെ അട്ടിമറിച്ച് ചരിത്രം കുറിച്ച അബ്ദുറഹ്മാനെ ലോക്‌സഭയിലേക്ക് മൽസരിപ്പിക്കുന്നതിൽ സി.പി.എം പ്രാദേശിക ഘടകങ്ങളുടെ എതിർപ്പുയർന്നിട്ടുണ്ട്. താനൂരിൽ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കി വരുന്ന എം.എൽ.എ പാർലമെന്റിലേക്ക് മൽസരിച്ച് വിജയിച്ചാൽ താനൂരിൽ ഇടതുമുന്നണിയുടെ അടിത്തറ നഷ്ടമാകുന്ന ആശങ്ക സി.പി.എമ്മിലെ ഒരു വിഭാഗത്തിനുണ്ട്. പാർട്ടി ജില്ലാ കമ്മിറ്റിയും അബ്ദുറഹ്മാൻ മൽസരിക്കുന്നതിനോട് പൂർണമായും യോജിക്കുന്നില്ല.
ജില്ലാ കമ്മിറ്റിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് പി.വി.അൻവർ എം.എൽ.എയുടെ പേര് സി.പി.എം സംസ്ഥാന കമ്മിറ്റി പരിഗണിച്ചത്. എന്നാൽ മുതിർന്ന നേതാക്കളിൽ പലരും അൻവറിനെ മൽസരിപ്പിക്കുന്നതിനെ എതിർത്തതായാണ് അറിയുന്നത്. നിരവധി കേസുകളിൽ കുറ്റാരോപിതനായ അൻവറിനെ സ്ഥാനാർഥിയാക്കുന്നത് സംസ്ഥാനത്തൊട്ടാകെ ഇടതുമുന്നണിയുടെ പ്രതിഛായക്ക് കളങ്കമുണ്ടാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നത്. 
ലോക്‌സഭയിലേക്ക് മൽസരിക്കാൻ അൻവർ തയാറാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സി.പി.എം നേതൃത്വം അൻവറിനെ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച് ഗൗരവമായി ചർച്ചകളും നടത്തിയിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ എതിർപ്പുയർന്നതോടെയാണ് അൻവറിന്റെ പേര് പ്രഖ്യാപിക്കുന്നതിൽ നിന്ന് ഇടതുമുന്നണി പിൻമാറിയത്. അതേസമയം, പരിഗണിക്കപ്പെട്ട മറ്റുള്ളവർ മൽസരിക്കാൻ തയാറാകാത്ത പക്ഷം പി.വി.അൻവർ തന്നെ പൊന്നാനിയിൽ ഇടതു സ്ഥാനാർഥിയായി വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പൊന്നാനി സീറ്റ് പേയ്‌മെന്റ് സീറ്റാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്. ഭാരിച്ച തെരഞ്ഞെടുപ്പു ചെലവു വഹിക്കാൻ കഴിയുന്നവരെ മാത്രം സ്ഥാനാർഥിയാക്കാനാണ് ഇടതുമുന്നണിയിൽ ശ്രമം നടക്കുന്നതെന്നാണ് മുഖ്യ വിമർശനം.


 

Latest News