റിയാദ് - സൗദി പൗരന്മാരുടെ, സൗദി പൗരത്വം ലഭിക്കാത്ത വിദേശികളായ ഭാര്യമാർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സക്ക് അർഹതയുള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി പൗരനുമായുള്ള വിവാഹ ബന്ധം നിലനിൽക്കുന്ന വിദേശ വനിതകൾക്ക് സൗജന്യ ചികിത്സക്ക് അർഹതയുണ്ട്. എന്നാൽ ദന്ത ചികിത്സ, പ്രസവം, വന്ധ്യതക്കുള്ള ചികിത്സ, മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നീ സേവനങ്ങൾ സൗദി പൗരന്മാരുടെ വിദേശ ഭാര്യമാർക്ക് സൗജന്യമായി ലഭിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വേലക്കാരികൾക്കും ഹൗസ് ഡ്രൈവർമാർക്കും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സക്ക് അർഹതയുണ്ടെന്നും സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്ക് സൗജന്യ ചികിത്സക്ക് അർഹതയില്ലെന്നും പറയുന്നത് ശരിയാണോയെന്ന സൗദി പൗരന്മാരിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സൗദി പൗരന്മാരുടെ ഭാര്യമാർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സക്ക് അർഹതയുണ്ടെന്നും എന്നാൽ അഞ്ചിനം സേവനങ്ങൾ ഇവർക്ക് സൗജന്യമായി ലഭിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.