ഇന്ത്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും തൊഴിൽ സുരക്ഷാ നിയമങ്ങൾ കർക്കശമാണ്. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടും വിധത്തിലുള്ളതാണ് തൊഴിൽ നിയമങ്ങൾ. അതു ലംഘിക്കപ്പെടുന്നവർക്കെതിരെ കർശന നടപടിക്ക് ഇരു രാജ്യങ്ങളും ശുപാർശ ചെയ്യുന്നുണ്ട്. നിയമങ്ങൾ ശരിയാംവണ്ണം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് മോണിറ്ററിംഗ് സംവിധാനവുമുണ്ട്. എന്നിട്ടും തൊഴിൽ കരാറുകളുടെ ലംഘനവും അതുവഴി ഒട്ടേറെ ദുരിതങ്ങൾക്കും തൊഴിലാളികൾ ഇരയാവുന്നുവെന്നതാണ് വാസ്തവം. ഇക്കാര്യത്തിൽ തൊഴിലുടമകളുടെ ഭാഗത്തെന്ന പോലെ തൊഴിലാളികളുടേയും ഭാഗത്ത് വീഴ്ചയുണ്ടാകുന്നുണ്ട്.
ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് തൊഴിൽ തേടി പോകുമ്പോൾ തൊഴിൽ കരാർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും അതു പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലോകത്തിന്റെ ഏതു കോണിലുള്ള വിവരങ്ങളും വിരൽ തുമ്പിൽ ലഭ്യവും ശക്തമായ ബോധവൽക്കരണവും ഉണ്ടായിട്ടും ഇന്നും ഒട്ടേറെ പേർ കബളിപ്പിക്കലിനിരയായി ദുരിതത്തിലകപ്പെടുന്നുണ്ട്.
തോട്ടം, വീട്ടു ജോലി, ഡ്രൈവർ തുടങ്ങിയ താഴേക്കിടയിലുള്ള ജോലികൾക്കെത്തുന്നവരാണ് കൂടുതലായും കബളിപ്പിക്കപ്പെടുന്നത്. കാലാനുസൃത പരിഷ്‌കരണങ്ങളിലൂടെ നിയമങ്ങളിൽ ഭേദഗതികളും മാറ്റങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും അതു പ്രായോഗികമാക്കപ്പെടുന്നതിലെ വീഴ്ചയാണ് ഇതിനു കാരണം.
ഇക്കാര്യത്തിൽ തൊഴിലാളികളുടെ അജ്ഞത പലരും മുതലെടുക്കുകയാണ്. ചെറിയ തോതിലുള്ള ജോലി തേടി പോകുന്നവർ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വിദേശ മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളെല്ലാം വിവിധ മാധ്യമങ്ങളിലൂടെ നൽകുന്നുണ്ടെങ്കിലും അതൊന്നും ഇന്നും വേണ്ടത്രയായിട്ടില്ലെന്നു വേണം ഗൾഫ് മേഖലയിൽനിന്നുണ്ടാകുന്ന അനുഭവങ്ങളിൽ നിന്ന് കരുതാം.
എങ്ങനെയും വിദേശത്ത് ഒരു ജോലി തരപ്പെടുത്തുകയെന്ന ഒറ്റ മോഹത്താൽ നാടുവിടാൻ ഒരുങ്ങുന്നവർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചോ, തൊഴിൽ നിയമങ്ങളെക്കുറിച്ചോ മനസ്സിലാക്കാൻ തയാറാകുന്നില്ലെന്നതും പോരായ്മയാണ്.
ഇതിന്റെ ഫലമായി തൊഴിലുടമകളുടെ കബളിപ്പിക്കലിനിരയായി ദിനേയെന്നോണം ദുരിതപർവം താണ്ടിയാണ് പലരും നാട്ടിലേക്കു മടങ്ങുന്നത്. നാട്ടിൽനിന്നുള്ള ഏജന്റുമാരുടെ വാക്കുകളിൽ വിശ്വസിച്ച് കരാറുകളുണ്ടാക്കാതെയും അതിന്റെ കോപ്പി കൈവശം സൂക്ഷിക്കാതെയുമാണ് ഇപ്പോഴും പലരും ജോലിക്കായി ഗൾഫിലെത്തുന്നത്. ഇതിന്റെ ഫലമായി പ്രാവീണ്യം ആവശ്യമില്ലാത്ത ജോലിക്ക് എത്തുന്നവർ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല.
ആടു മേയ്ക്കാൻ വിധിക്കപ്പെട്ട നജീബിന്റെ കഥ നോവലാക്കിയ ബെന്യാമിന്റെ ആടുജീവിതം എന്ന ഒറ്റ പുസ്തകം മാത്രം മതിയാകും ആട്ടിയന്മാരും മറ്റും അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം മനസ്സിലാക്കാൻ. നോവലിലെ പരാമർശത്തേക്കാളും ദുരിതം പേറി ഇപ്പോഴും ഈ പണിയെടുക്കുന്നവരും അതിൽനിന്നു രക്ഷപ്പെടാൻ മാർഗമില്ലാതെ വലയുന്നവരും നിരവധിയാണ്. അവരിൽ ചിലരെല്ലാം അതിസാഹസികമായി ജീവൻ പണയംവെച്ച് ഓടി രക്ഷപ്പെട്ട് സാമൂഹ്യ പ്രവർത്തകരുടെ സഹായം തേടുമ്പോഴാണ് ഇത്തരം കഥകൾ പുറത്തു വരുന്നത്. ഇക്കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തന്നെ ഇത്തരം രണ്ടു കേസുകളാണ് സൗദിയിലുണ്ടായത്. ഇത്തരം ചൂഷണങ്ങൾക്കിരയാവുന്നവരിലേറേയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണെന്നത് ഇവരിലേക്ക് വേണ്ടത്ര അവബോധം എത്തിയിട്ടില്ലെന്നതാണ് കാണിക്കുന്നത്. ഇവർക്കെല്ലാം തുണയായെത്തുന്നതാകട്ടെ മലയാളി സാമൂഹ്യ പ്രവർത്തകരാണ്.
ഇതിൽ ഒരു കേസ് ഹഫർ അൽ ബാത്തിൻനിന്നും മറ്റൊന്ന് ദമാമിനടുത്ത് നാരിയയിൽനിന്നുമാണ് റിപ്പോർട്ട് ചെയ്തത്. ഡ്രൈവറാകാനെത്തി മരുഭൂമിയിൽ ആടുമേയ്ക്കാൻ വിധിക്കപ്പെട്ട യു.പി സ്വദേശി തൗസീഫ് ഖാൻ ഒരു വർഷത്തെ ദുരിത ജീവിതം പിന്നിട്ടാണ് അവസാനം സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. വിസ ഡ്രൈവറുടേതായിരുന്നുവെങ്കിലും ആടു മേയ്ക്കൽ ജോലിയാണ് തൗസീഫ് ഖാന് ലഭിച്ചത്. പറഞ്ഞ ജോലി കിട്ടിയില്ലെന്നു മാതമല്ല, മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിച്ചിരുന്നില്ല. ഇതുമൂലം അവശനായ തൗസീഫ് ഖാൻ അവിടെനിന്നും രക്ഷപ്പെട്ട് ഹഫർ അൽ ബാത്തിനിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ലേബർ ഓഫീസിൽ പരാതി നൽകി അവിടെനിന്നും അനുകൂല വിധി സമ്പാദിച്ചാണ് നാട്ടിലേക്കു മടങ്ങിയത്.
ഇതിലുമേറെ ദുരിതം താണ്ടിയാണ് മറ്റൊരു യു.പി സ്വദേശി അമർ നാഥും നാടണഞ്ഞത്. അമർനാഥിന് രണ്ടര വർഷത്തിലേറെയാണ് മരുഭൂമിയിൽ ഒട്ടകങ്ങളോടും ആടുകളോടുമൊപ്പം ഇടയനായി കഴിയേണ്ടി വന്നത്.
മൂന്നു വർഷം മുൻപ് ഡ്രൈവറായി ഖത്തറിലാണ് എത്തിയതെങ്കിലും അവിടെനിന്ന് ഏതാനും ദിവസങ്ങൾക്കു ശേഷം എത്തിപ്പെട്ടത് സൗദിയിലെ നാരിയക്കടുത്തുള്ള മരുഭൂ പ്രദേശത്താണ്. നൂറുകണക്കിന് ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കാൻ വിധിക്കപ്പെട്ട് ഭക്ഷണവും ശമ്പളവുമില്ലാതെ രണ്ടര വർഷത്തിലെറെ പ്രയാസത്തിൽ കഴിഞ്ഞ അമർനാഥും ജീവൻ പണയംവെച്ചാണ് ഗത്യന്തരമില്ലാതെ രക്ഷപ്പെട്ടത്. രക്ഷ തേടിയുള്ള യാത്രയിൽ തളർന്നു വീണ അമർനാഥിന് ഒരു സ്വദേശി തന്നെയാണ് തുണയായത്. ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി ഏതാനും മാസം ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും തർഹീലിലൂടെ നാട്ടിലേക്കു മടങ്ങുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയുമായിരുന്നു അദ്ദേഹം. സ്‌പോൺസറായ സ്വദേശി കൃത്യമായ ശമ്പളവും ഭക്ഷണവും നൽകാൻ തയാറാവാതെ, പീഡിപ്പിക്കപ്പെട്ടപ്പോൾ രക്ഷകനായതും മറ്റൊരു സ്വദേശിയാണെന്നതും അമർനാഥിന്റെ കാര്യത്തിൽ ശ്രദ്ധേയമാണ്. ഏജന്റിന്റെ കബളിപ്പിക്കലിനരയാണ് അമർനാഥും.
ഇങ്ങനെ ദുരിതക്കടൽ താണ്ടേണ്ടിവന്ന നിരവധി പേരുണ്ട്. രക്ഷപ്പെടാൻ കഴിയാതെ ഇപ്പോഴും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അകപ്പെട്ടു കഴിയുന്നവരുമുണ്ട്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ കാരണം തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ അഭാവവും, അതല്ലെങ്കിൽ അതു ലംഘിക്കപ്പെടാൻ കൂട്ടുനിൽക്കുന്ന ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയുമാണ്. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായവരുടെ കാര്യത്തിൽ പ്രത്യേകിച്ചും രാജ്യത്തുനിന്നു പോരുമ്പോൾ തന്നെ തൊഴിൽ കരാറുണ്ടോയെന്ന് പരിശോധിക്കുന്നതിനും അതു ലംഘിക്കപ്പെട്ടാൽ നടപടികൾക്കും വ്യക്തമായ സംവിധാനങ്ങളുണ്ട്. എന്നാൽ അതു ശരിയാംവണ്ണം പാലിക്കപ്പെടാതെ പോകുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ കാരണം.