Sorry, you need to enable JavaScript to visit this website.

പൊള്ളുന്ന കേരളം

നമ്മുടെ സംസ്ഥാനത്ത് ശരിയായ തോതിൽ വേനൽക്കാലം ആയിട്ടില്ലെങ്കിലും അന്തരീക്ഷ താപനില ഉയർന്നുകൊണ്ടേയിരിക്കുകയാണ്. അതീവ ഗുരുതരമായ മറ്റൊരു കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ പോകുന്നുവെന്നതിന്റെ സൂചനകളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്നത്. 
ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച വിശകലനമനുസരിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന താപനില ശരാശരിയിൽ നിന്നും 1.6 മുതൽ 3 ഡിഗ്രി വരെ കൂടുതലായിരുന്നു. ഇതിൽ നിന്നുതന്നെ 4.4 ഡിഗ്രി കൂടുതൽ ആയിരുന്നു ചില പ്രദേശങ്ങളിലെ താപനിലയിലുണ്ടായ വർധന. 
സാധാരണ നിലയിലുള്ള വേനൽക്കാലം അവസാനിക്കണമെങ്കിൽ മെയ്മാസം അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. അതിനർഥം കൊടും ചൂട് ഇനിയും മൂന്ന് മാസത്തോളം അനുഭവിക്കേണ്ടി വരുമെന്നാണ്. ഇപ്പോൾ തന്നെ കൊടും ചൂട് കാരണം തൊഴിലിടങ്ങളിൽ നിയന്ത്രണങ്ങൾക്കുള്ള മുന്നറിയിപ്പ് ബന്ധപ്പെട്ട വകുപ്പുകൾ നൽകിക്കഴിഞ്ഞു.
രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും ഈ സമയം പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ജോലി ചെയ്യരുതെന്നുമാണ് മുന്നറിയിപ്പുള്ളത്.
താപനില ഉയരുന്നത് പല വിധത്തിലുള്ള പ്രത്യാഘാതങ്ങളാണ് പ്രകൃതിക്കും ജീവിവർഗത്തിനും സൃഷ്ടിക്കുന്നത്. വൃക്ഷലതാദികൾ കരിയുന്നു എന്നു മാത്രമല്ല കാട്ടുതീ വ്യാപകമാകുന്ന സ്ഥിതിവിശേഷവുമുണ്ട്. അത് നമ്മുടെ വനസമ്പത്ത് നശിക്കുന്നതിനിടയാക്കും. അതോടൊപ്പം വന്യജീവികൾ ഭക്ഷണത്തിന് വകയില്ലാതെ നാട്ടിൻപുറങ്ങളിലേക്കിറങ്ങാനുള്ള സാധ്യതയേറും. അതിന് പുറമേ മതിയായ ഭക്ഷണം ലഭിക്കാതെ വന്യജീവികളുടെ നാശത്തിനും കാരണമാകും. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കുണ്ടാക്കുന്ന ഭീഷണി വളരെ വലുതായിരിക്കുമെന്നതിൽ സംശയമില്ല.
ചൂട് കൂടുന്നതും അന്തരീക്ഷതാപം ഉയരുന്നതും മനുഷ്യ ശരീരത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണെന്നതിനാലാണ് മുൻകരുതൽ നടപടികളെടുക്കാനും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും മുന്നറിയിപ്പ് നൽകേണ്ടി വന്നിരിക്കുന്നത്. ഇതിന് പുറമേ സംസ്ഥാനം കടുത്ത വരൾച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കുമാണ് നീങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. വേനൽ കടുക്കുന്നതിനാൽ ജലസ്രോതസുകളിൽ വെള്ളം കുറയുന്നതിന് കാരണമാകും. കിണറുകളിലും പൊതു ജലസ്രോതസുകളായ കുളങ്ങളിലും നദികളിലും ഇപ്പോൾതന്നെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജലസംഭരണികളെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ കൂട്ടായി ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.
ഇതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിൽ നിന്ന് പ്രത്യേകിച്ച് ദുരന്തനിവാരണ വകുപ്പിൽ നിന്ന് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി, റവന്യു, ജലവിഭവ വകുപ്പ് മന്ത്രിമാർ സംയുക്തമായി വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കലക്ടർമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മനുഷ്യർക്കൊപ്പം പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരൾച്ചാ പ്രവർത്തനങ്ങൾക്കുമായി തദ്ദേശസ്ഥാപനങ്ങൾ മുതൽ ജില്ലാതലം വരെ ജനകീയ സമിതികൾ രൂപീകരിക്കുക, പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കുക, ജലവിഭവ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ദ്രുതകർമ സേനയ്ക്ക് രൂപം നൽകുക, വേനൽ കടുക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. പൊതുജലസ്രോതസുകളിലെ വെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതിനും വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാനും വിപുലമായ ബോധവൽക്കരണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇതെല്ലാം ഇപ്പോഴത്തെ സാഹചര്യത്തിൽ നടപ്പിലാക്കപ്പെടേണ്ട പദ്ധതികളാണ്. എന്നാൽ വരുംകാലത്തേക്കുള്ള കർമ പദ്ധതികളും ഈ പ്രതിസന്ധിയിൽ പാഠമുൾക്കൊണ്ട് നാം ആവിഷ്‌കരിക്കേണ്ടതാണ്.
എല്ലാ വേനൽക്കാലത്തും ഇതുവരെയില്ലാത്ത ചൂടാണ് നേരിടാൻ പോകുന്നതെന്നും ഭാവിയിലേക്ക് ആവശ്യമായ കരുതലുകൾ കൂടി വേണമെന്നും തീരുമാനിക്കാറുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാവുന്നുവെന്ന് കൂടി ഗൗരവത്തോടെ ആലോചിക്കാനും മികവാർന്ന പദ്ധതികൾ നടപ്പിലാക്കാനും നമുക്ക് സാധിക്കണം. അതിന് പരമ്പരാഗത ജലസ്രോതസ്സുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം കൂടുതലായി ജലസംഭരണ സംവിധാനങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കണം. 
ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസ്സായി വിനിയോഗിക്കുക, വേനൽമഴയിൽ വീടുകളുടെ ടെറസ്സിൽ പതിക്കുന്ന ജലം ശുചീകരിച്ച് കിണറുകളിൽ എത്തിക്കുക, ജലസ്രോതസുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ഉടനടി നടപടിയെടുക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ മഴവെള്ളസംഭരണം ഓരോ പൗരന്റെയും കടമയായി മാറ്റുന്ന വിധത്തിലുള്ള ബോധവൽക്കരണത്തോടൊപ്പം ദീർഘകാല പദ്ധതികൾക്കും രൂപം നൽകേണ്ടതുണ്ട്. ഏതായാലും നാം നേരിടുന്ന ഈ വലിയ വെല്ലുവിളി ഒറ്റക്കെട്ടായി നേരിടാം. 

Latest News