കൽപറ്റ- വയനാട്ടിലെ ലക്കിടിയിൽ പോലീസ് വെടിവെച്ചുകൊന്നത് തന്റെ സഹോദരൻ ജലീലിനെ തന്നെയാണെന്ന് ജലീലിന്റെ ജ്യേഷ്ഠനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി റഷീദ്. ജലീലിന്റെ മൃതദേഹം പോലീസ് തന്നെ കാണിച്ചുവെന്നും വെടിയേറ്റ് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും റഷീദ് പറഞ്ഞു. ജലീലിനെ അന്യായമായ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരാതിയുണ്ടെന്നും റഷീദ് പറഞ്ഞു. ലക്കിടിയിൽ ദേശീയപാതയോടു ചേർന്നുള്ള ഉപവൻ റിസോർട്ട് വളപ്പിൽ ഇന്നലെ രാത്രിയാണ് വെടിവെപ് നടന്നത്. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് പോലീസ് പറയുന്നത്. വെടിെവപ്പിൽ മാവോയിസ്റ്റ് സംഘത്തിലെ രണ്ടു പേർക്കു പരിക്കേറ്റതായി സൂചനയുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
സന്ധ്യയോടെ റിസോർട്ടിലെത്തിയ മാവോവാദികൾ പണം ആവശ്യപ്പെട്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തണ്ടർ ബോൾട്ട് സ്ഥലത്തെത്തിയതിനു പിന്നാലെയാണ് വെടിവെപ്പ് നടന്നത്. റിസോർട്ടു വളപ്പിൽനിന്നു രാത്രി ഒമ്പതോടെ നിരവധി തവണ വെടിയൊച്ച കേട്ടതായി പരിസരവാസികൾ പറഞ്ഞു. റിസോർട്ടും പരിസരവും തണ്ടർബോൾട്ട് വളഞ്ഞിരിക്കയാണ്. റിസോർട്ടിലെയും വളപ്പിലെയും ലൈറ്റുകൾ ഓഫ് ചെയ്ത പോലീസ് ആരെയും അകത്തേക്കു കയറ്റിവിട്ടിരുന്നില്ല. വാഹന ഗതാഗതം പോലീസ് തടയുകയും ചെയ്തു. പ്രദേശവാസികളോടു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടാണ് പോലീസ് വെടിവെപ്പ് നടത്തിയത്.