കല്‍പറ്റ- വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് മാവേയിസ്റ്റ് നേതാവ് സി.പി. ജലീലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ലക്കിടിക്ക് സമീപമുള്ള ഉപവന്‍ റിസോര്‍ട്ടില്‍ അതിക്രമിച്ചു കടന്ന മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് പോലീസ് വെടിവെച്ചത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. തിരച്ചിലിനായി കൂടുതല്‍ പോലീസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്കായാണ് തണ്ടര്‍ ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നത്.
വയനാട്-കോഴിക്കോട് ദേശീയപാതയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു വെടിവെപ്പ്. റിസോര്‍ട്ടില്‍ കയറിയ മാവോയിസ്റ്റുകള്‍ താമസക്കാരെ ബന്ദികളാക്കിയിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് വളഞ്ഞ തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടിരുന്നു.
രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോര്‍ട്ടിനു സമീപം കമിഴ്ന്നു കിടക്കുന്ന നിലയില്‍ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടത്. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.