ബി.ജെ.പി ടിക്കറ്റ് തന്നില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രമുഖ നടൻ ശത്രുഘ്‌നൻ സിൻഹ. കഴിഞ്ഞ ഇലക്ഷനിൽ ബിഹാറിലെ പട്‌നാ സാഹിബ് മണ്ഡലത്തിൽ നിന്ന് ശത്രുഘ്‌നൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് പാർട്ടിക്കെതിരെ, പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പുകളെയ്തത് ശത്രുവിനെ ബി.ജെ.പിയുടെ ശത്രുവാക്കി. ശത്രുഘ്‌നന് സീറ്റ് നൽകില്ലെന്ന് ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശത്രുഘ്‌നൻ ഈയിടെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ചർച്ച നടത്തിയിരുന്നു. എസ്.പി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹത്തിന് ഇത് വഴിവെച്ചിട്ടുണ്ട്. ശത്രുഘ്‌നന്റെ ഭാര്യ പൂനം സിംഗ് ലഖ്‌നൗവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെതിരെ മത്സരിക്കുമെന്നും ശ്രുതിയുണ്ട്.
കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പ് മുതലാണ് ശത്രുഘ്‌നൻ പരസ്യമായി പാർട്ടിക്കെതിരെ രംഗത്തു വന്നത്. നോട്ട് നിരോധം, ജി.എസ്.ടി തുടങ്ങി നിരവധി വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിനെതിരെ പരിഹാസവുമായി പൊതുപ്രസ്താവനകൾ നടത്തി. പ്രതിപക്ഷ നേതാക്കളുമായി വേദി പങ്കിട്ടു. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് ലീഡർ മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ റാലിയിൽ പങ്കെടുത്തു.