കോഴിക്കോട് - കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മത്സര രംഗം വ്യക്തമാവുന്നു. യു.ഡി.എഫിന്റെ സ്ഥാനാർഥിയായി സിറ്റിംഗ് എം.പി കോൺഗ്രസിലെ എം.കെ. രാഘവൻ മൂന്നാമതും മത്സര രംഗത്ത് ഉണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥിയായി മാസങ്ങൾക്കു മുമ്പേ പറഞ്ഞു കേട്ട ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ മുഹമ്മദ് റിയാസ് മാറി കോഴിക്കോട് ഒന്നാം നിയോജക മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എ ആയ എ. പ്രദീപ് കുമാറാണ് അവസാന വട്ടത്തിൽ വന്നിരിക്കുന്നത്. എൻ.ഡി.എ മുന്നണിയുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി മത്സരിക്കുമോ അതോ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് നൽകുമോ എന്നതു മാത്രമാണ് അറിയാനുള്ളത്. സ്വതന്ത്ര സ്ഥാനാർഥിയായി നുസ്‌റത്ത് ജഹാൻ എന്ന വനിത മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
മുമ്പ് രണ്ടു പ്രാവശ്യം നടന്ന ലോക്‌സഭാ മത്സരങ്ങളേക്കാൾ കൂടുതൽ ഇപ്രാവശ്യം മത്സരത്തിന് വീറും വാശിയും കൂടുമെന്നാണ് ഇരുമുന്നണികളുടെയും സ്ഥാനാർഥി പ്രഖ്യാപനത്തോടെ വ്യക്തമാവുന്നത്. രാഷ്ട്രീയ വിഷയങ്ങളേക്കാളുപരി മണ്ഡലത്തിലെ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ വികസന പ്രവർത്തനങ്ങളായിരിക്കും കൂടുതൽ ചർച്ചാ വിഷയമാകുക.
എന്തു കാര്യത്തിനും ഏതു കാര്യത്തിനും തങ്ങളോടൊപ്പം 'മെം ബർ ഓഫ് പഞ്ചായത്ത്' എന്നതു പോലെ പ്രവർത്തിക്കുന്ന മെംബർ ഓഫ് പാർലമെന്റ് ആയി ഈ ഒരു പതിറ്റാണ്ടു കാലത്തിനിടക്ക് കണ്ണൂരിൽ നിന്ന് വന്ന് കോഴിക്കോട്ടുകാരുടെ മനം കീഴടക്കിയ വ്യക്തിയായി മാറുവാൻ എം.കെ. രാഘവന് കഴിഞ്ഞിട്ടുണ്ട്. ആദ്യ തെരഞ്ഞെടുപ്പിൽ 1000 ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഷ്ടിച്ചു വിജയം കുറിച്ച എം.കെ.ആറിന് 2014 ലെ രണ്ടാം തെരഞ്ഞെടുപ്പിൽ 16,000 വോട്ടിനടുത്ത് ഭൂരിപക്ഷം ലഭിച്ചത് അദ്ദേഹത്തിന്റെ എം.പി എന്നുള്ള പ്രവർത്തനങ്ങളിൽ മണ്ഡലത്തിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് തെളിവു തന്നെയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടു കൂടിയാണ് സി.പി.എം ഇക്കാര്യത്തിൽ കൂടുതൽ ജാഗരൂകരായത്. ഇതിനുദാഹരണമായാണ് യു.ഡി.എഫ് വൃത്തങ്ങൾ കൊല്ലങ്ങൾക്ക് മുമ്പ് നടന്ന അഗ്രിക്കോ സഹകരണ സംഘത്തിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റപത്രം സമർപ്പിച്ചതിനെ എടുത്തു കാണിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് സജീവമായി ഓടി നടന്ന് പ്രവർത്തിക്കുന്ന എം.പിക്കെതിരെ ശക്തമായ പ്രചാരണായുധങ്ങളൊന്നും കിട്ടാത്തതുകൊണ്ടാണ് പഴയ കേസ് വീണ്ടും കുത്തിപ്പൊക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ഈ വിഷയത്തെക്കുറിച്ച് പറയുന്നത്. കേന്ദ്ര പദ്ധതികളും വികസനങ്ങളും ഇല്ലാതെ പത്തു വർഷം പാഴായിപ്പോയെന്ന പ്രചാരണത്തിനാണ് ഏതാനും മാസങ്ങൾക്കു മുമ്പേ സി.പി.എം തുടക്കം കുറിച്ചതെങ്കിലും കേരളത്തിലെ സജീവമായ മറ്റേതൊരു പാർലമെന്റ് അംഗവും ചെയ്തതു പോലുള്ള പ്രവർത്തനങ്ങൾ എം.കെ. രാഘവൻ എം.പിയും ചെയ്തിട്ടുണ്ടെന്നുള്ളത ്‌കോഴിക്കോട് നിവാസികൾ തലകുലുക്കി സമ്മതിക്കുന്ന കാര്യമാണെന്നതിൽ തർക്കമില്ല. എം.കെ രാഘവൻ എന്ന വ്യക്തി പത്തു കൊല്ലം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ ഇമേജ് എത്ര വലുതാണെന്ന തിരിച്ചറിവുകൊണ്ടു തന്നെയാണ് കോഴിക്കോട് ഒന്നാം മണ്ഡലത്തിലെ എം.എൽ.എയായ എ. പ്രദീപ് കുമാറിനെ തന്നെ മത്സര രംഗത്തിറക്കുവാൻ സി.പി.എം ആലോചിക്കുന്നത്. എം.കെ. രാഘവനെ പോലെ തന്നെ നിയമസഭാ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളിൽ വളരെയധികം കാര്യങ്ങൾ ചെയ്യുവാനും ഒരു പരിധി കടന്ന് സ്വകാര്യ വ്യക്തികളെയും ഫൗണ്ടേഷനുകളെയും പോലും മണ്ഡലത്തിലെ വികസന മേഖലയിൽ സഹകരിപ്പിക്കുവാനും ശ്രമിക്കുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്തയാളാണ് എ. പ്രദീപ് കുമാർ. നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ വിജയഗാഥ പറയുന്നതിതാണ്.
എന്തായാലും കോഴിക്കോട്ടെ മത്സരം മുമ്പ് കണ്ടതിനേക്കാൾ കൂടുതൽ തീപ്പാറുമെന്ന കാര്യത്തിൽ സ്ഥാനാർഥികളുടെ ഏകദേശചിത്രം തെളിയുന്നതോടു കൂടി വ്യക്തമാവുകയാണ്.
ഈ മത്സരരംഗത്തേക്കാണ് വനിത, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നുസ്‌റത്ത് ജഹാനും കൂടി രംഗത്തു വരുന്നത്. പുരുഷ സ്ഥാനാർഥികൾ സജീവമായ ഈ മത്സരങ്ങൾക്കിടയിൽ തനിക്കനുകൂലമായി സ്ത്രീപിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവരെ മത്സര രംഗത്തിറക്കിയിരിക്കുന്നത്.