അഫീഫ് - അഫീഫിൽ സ്‌പോൺസറുടെ വീട്ടിൽനിന്ന് വേലക്കാരിയെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ബർമക്കാരനെയും ഭാര്യയെയും അഫീഫ് പോലീസ് പിടികൂടി. ഫോണിലൂടെ ബന്ധപ്പെട്ട് മുൻകൂട്ടി ധാരണയിലെത്തിയാണ് ഇരുവരും വേലക്കാരിയെ കടത്തുന്നതിന് ശ്രമിച്ചത്. വേലക്കാരി വീട്ടിൽനിന്ന് ഒളിച്ചോടിയതായി സൗദി പൗരൻ അഫീഫ് പോലീസിൽ പരാതി നൽകുകയായിരുന്നു. വേലക്കാരിയെ കുറിച്ച വിവരങ്ങളും സ്‌പോൺസർ കൈമാറി.
യുവതിക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട കാർ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ബർമക്കാരന്റെ കാറിൽ രണ്ടു വനിതകളുണ്ടായിരുന്നു. ഇതിൽ ഒരാൾ ഡ്രൈവറുടെ ഭാര്യയാണെന്ന് വ്യക്തമായി. രണ്ടാമത്തെ യുവതിക്ക് ബർമക്കാരനുമായി ഒരുവിധ ബന്ധവുമില്ലെന്നും തെളിഞ്ഞു. ചോദ്യം ചെയ്യലിൽ വേലക്കാരികളെ കടത്തുന്ന മേഖലയിൽ താൻ പ്രവർത്തിക്കുന്നതായും പരിശോധനകൾ കൂടാതെ കടന്നുപോകുന്നതിനുള്ള മറയായാണ് ഭാര്യയെ ഉപയോഗിക്കുന്നതെന്നും ബർമക്കാരൻ സമ്മതിച്ചു.