നജ്‌റാൻ - നജ്‌റാനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, പുരാവസ്തു കേന്ദ്രമായ അൽഉഖ്ദൂദ് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് സന്ദർശിച്ചു. നജ്‌റാൻ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് അംബാസഡറെ സ്വീകരിച്ചു. അൽഉഖ്ദൂദിലെ ശിലാചിത്രങ്ങളും കൊത്തുവേലകളും ഭിത്തികളും കെട്ടിടങ്ങളും പുരാതന കോട്ടയും പ്രശസ്തമായ ആട്ടുകല്ലും പ്രദേശത്ത് ടൂറിസം, ദേശീയ പൈതൃക വകുപ്പ് നടപ്പാക്കുന്ന പദ്ധതികളും അംബാസഡർ വീക്ഷിച്ചു.
നജ്‌റാനിലെ പുരാവസ്തു, ചരിത്ര കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുന്നതിന് ഔദ്യോഗിക സംഘങ്ങളും അംബാസഡർമാരും നജ്‌റാൻ പ്രവിശ്യയിൽ നിന്നും പുറത്തു നിന്നുമുള്ള സന്ദർശകരും വർഷം മുഴുവൻ എത്തുന്നുണ്ടെന്ന് നജ്‌റാൻ ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി സ്വാലിഹ് ബിൻ മുഹമ്മദ് ആലുമിരീഹ് പറഞ്ഞു. നിരവധി ചരിത്ര, പുരാവസ്തു കേന്ദ്രങ്ങൾ അടങ്ങിയ നജ്‌റാൻ സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയിട്ടുണ്ടെന്നും സ്വാലിഹ് ബിൻ മുഹമ്മദ് ആലുമിരീഹ് പറഞ്ഞു.