Sorry, you need to enable JavaScript to visit this website.

ബാങ്കിംഗ് സേവനങ്ങൾ നൽകാൻ സ്വകാര്യ മേഖലക്ക് അനുമതി

റിയാദ് - സൗദി അറേബ്യക്കകത്തേക്കും വിദേശത്തേക്കും പണം അയക്കൽ അടക്കം പതിനേഴു ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ മേഖലക്ക് കേന്ദ്ര ബാങ്കിന്റെ അനുമതി. ബാങ്കുകളെ പ്രതിനിധീകരിച്ച് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ മേഖലാ ഏജൻസികളെ നിയോഗിക്കുന്നതിന് രാജ്യത്തെ ബാങ്കുകളെ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അനുവദിച്ചു. ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, വായ്പാ അപേക്ഷകൾ തയാറാക്കി സമർപ്പിക്കൽ, ക്രെഡിറ്റ് കാർഡ് അപേക്ഷകൾ സമർപ്പിക്കൽ-ഗാർഹിക തൊഴിലാളികളുടെ വേതന വിതണത്തിനുള്ള പ്രീ-പെയ്ഡ് കാർഡ് അപേക്ഷ സമർപ്പിക്കൽ, ബാങ്ക് ഗ്യാരണ്ടി കത്തിനുള്ള അപേക്ഷ തയാറാക്കൽ, എ.ടി.എം വഴി പണം പിൻവലിക്കൽ-നിക്ഷേപിക്കൽ, എ.ടി.എം വഴി ചെക്ക് ഡെപ്പോസിറ്റ് ചെയ്യൽ, ചെക്ക് ബുക് അപേക്ഷ സമർപ്പിക്കൽ-ചെക്ക് ബുക് കൈമാറൽ, ബില്ലുകളും ഫീസുകളും പിഴകളും അടക്കൽ, സ്റ്റേറ്റ്‌മെന്റ് ഇഷ്യു ചെയ്യൽ, ബാങ്കിൽ നിന്നുള്ള അന്തിമ അനുമതി ലഭിച്ച ശേഷം അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യൽ, മണി റെമിറ്റൻസ്, കറൻസി മാറ്റൽ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും ചെക്ക് ബുക്കുകളും ഇഷ്യു ചെയ്യൽ, ചെക്ക് മാറൽ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകൽ, സെയിൽസ്-മാർക്കറ്റിംഗ് സേവനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിന് ഏജൻസികളെ ചുമതലപ്പെടുത്തുന്നതിനാണ് ബാങ്കുകളെ കേന്ദ്ര ബാങ്ക് അനുവദിച്ചിരിക്കുന്നത്. 
ഏജൻസികളുടെ പ്രവർത്തനങ്ങളിലെ വീഴ്ചകളുടെ പൂർണ ഉത്തരവാദിത്വം ബാങ്കുകൾക്കായിരിക്കുമെന്ന് സാമ വ്യക്തമാക്കി. ഏജൻസികളുടെ പ്രവർത്തനം ബാങ്കുകൾ ശക്തമായി നിരീക്ഷിക്കുകയും തട്ടിപ്പുകളും സംശയകരമായ ഇടപാടുകളും നിർണയിക്കുന്നതിന് ഏജൻസികളുടെ പ്രവർത്തനം ദൂരെ നിന്ന് നിരീക്ഷിക്കുകയും അത്തരം ഇടപാടുകളെ കുറിച്ച് കേന്ദ്ര ബാങ്കിനെ അറിയിക്കുകയും വേണം. പണം പിൻവലിക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും ഉപയോക്താക്കൾക്ക് ഏജൻസികൾ പ്രിന്റൗട്ട് നൽകൽ നിർബന്ധമാണ്. കൂടാതെ ഇടപാട് നടത്തിയത് സ്ഥിരീകരിക്കുന്ന എസ്.എം.എസ്സും ഉപയോക്താക്കളുടെ ഫോണുകളിലേക്ക് അയക്കണം. ഏജൻസികൾ വഴി ഉപയോക്താക്കൾക്ക് പ്രതിദിനം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും കഴിയുന്ന പണത്തിന്റെ കൂടിയ പരിധി നിശ്ചയിക്കുന്നതിന്റെ അധികാരം ബാങ്കുകൾക്കാണെന്നും സാമ വ്യക്തമാക്കി. 
സാമയുടെ പുതിയ ചുവടുവെപ്പ് രാജ്യത്ത് ബാങ്കിംഗ് സേവനങ്ങൾ വ്യാപകമാക്കുന്നതിന് സഹായിക്കുമെന്ന് സാമ്പത്തിക, ബാങ്കിംഗ് വിദഗ്ധൻ ഫദ്ൽ അൽബൂഅയ്‌നൈൻ പറഞ്ഞു. ചെറുനഗരങ്ങളിലും വിദൂര ഗ്രാമപ്രദേശങ്ങളിലും ബാങ്കിംഗ് സേവനങ്ങൾ സാർവത്രികമാക്കുന്നതിന് പുതിയ തീരുമാനത്തിലൂടെ സാമ ലക്ഷ്യമിടുന്നു. 
ബാങ്ക് ശാഖകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് കണക്കിലെടുത്ത് ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മറ്റും ശാഖകൾ തുറക്കുന്നതിന് ബാങ്കുകൾ മടിക്കുകയാണ്. ബാങ്ക് ശാഖകളില്ലാതെ തന്നെ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഇത്തരം പ്രദേശങ്ങളിലെ നിവാസികൾക്ക് പുതിയ തീരുമാനം സഹായകമാകും. പെട്രോൾ ബങ്കുകളും സർവീസ് സെന്ററുകളും അടക്കമുള്ള സ്ഥാപനങ്ങൾ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഏജൻസികളായി പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. ചില സേവനങ്ങൾക്ക് ഏജൻസികൾ ഫീസുകൾ ഈടാക്കുമെന്നും ഫദ്ൽ അൽബൂഅയ്‌നൈൻ പറഞ്ഞു. 

 

Latest News