കല്‍പറ്റ- വയനാട്ടിലെ ലക്കിടിയില്‍ മാവോവാദികളും പോലീസും ഏറ്റുമുട്ടി. ലക്കിടിയില്‍ ദേശീയപാതയോടു ചേര്‍ന്നുള്ള ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ രാത്രിയാണ് സംഭവം. വെടിെവപ്പില്‍ മാവോയിസ്റ്റ് സംഘത്തിലെ രണ്ടു പേര്‍ക്കു പരിക്കേറ്റതായി സൂചനയുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
സന്ധ്യയോടെ റിസോര്‍ട്ടിലെത്തിയ മാവോവാദികള്‍ പണം ആവശ്യപ്പെട്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സ്ഥലത്തെത്തിയതിനു പിന്നാലെയാണ് വെടിവെപ്പ് നടന്നത്. റിസോര്‍ട്ടു വളപ്പില്‍നിന്നു രാത്രി ഒമ്പതോടെ നിരവധി തവണ വെടിയൊച്ച കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. റിസോര്‍ട്ടും പരിസരവും തണ്ടര്‍ബോള്‍ട്ട് വളഞ്ഞിരിക്കയാണ്. റിസോര്‍ട്ടിലെയും വളപ്പിലെയും ലൈറ്റുകള്‍ ഓഫ് ചെയ്ത പോലീസ് ആരെയും അകത്തേക്കു കയറ്റിവിടുന്നില്ല. വാഹന ഗതാഗതം പോലീസ് തടഞ്ഞിരിക്കയാണ്. പ്രദേശവാസികളോടു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിസോര്‍ട്ട് ജീവനക്കാരുടെയും താമസക്കാരുടെയും സ്ഥിതി ഉള്‍പ്പെടെ വിശദ വിവരം ലഭ്യമല്ല. പരിക്കേറ്റതായി പറയുന്ന മാവോവാദികളെ ആശുപത്രിയിലേക്കു മാറ്റിയോ എന്നും വ്യക്തമല്ല.