Sorry, you need to enable JavaScript to visit this website.

സി.പി.ഐയിലെ ചേരിപ്പോര് തൃശൂരില്‍ രാജാജിക്ക് വിനയാകുമോ?

പാലക്കാട്- തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിയോഗിക്കപ്പെട്ട രാജാജി മാത്യു തോമസ് പറന്നിറങ്ങുന്നത് സി.പി.ഐയിലെ ചേരിപ്പോരിന്റെ ചളിക്കുണ്ടിലേക്ക്, ഏറ്റെടുക്കുന്നത് ശ്രമകരമായ ദൗത്യം. ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലൊന്നും കടന്നു വരാതിരുന്ന രാജാജിയുടെ പേരിലേക്ക് തീരുമാനം എത്തിച്ചേര്‍ന്നത് രണ്ടു ഘടകങ്ങളെ ആശ്രയിച്ചായിരുന്നു. സ്ഥാനാര്‍ഥിയാവുന്നതിന് വേണ്ടി പരസ്പരം പോരടിച്ച സി.എന്‍.ജയദേവനേയും കെ.പി.രാജേന്ദ്രനേയും മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം സി.പി.എം, സി.പി.ഐ നേതൃത്വത്തെ അറിയിച്ചു.

ക്രൈസ്തവ വോട്ടിന്റെ ഏകീകരണത്തിലൂടെ ഇക്കുറി തൃശൂരില്‍ ജയിച്ചു കയറാമെന്ന കണക്കുകൂട്ടലും രാജാജി മാത്യു തോമസിന് തുണയായി. സീറ്റിനായി സ്വന്തം പാര്‍ട്ടിയിലെ പോരാട്ടത്തില്‍ ജയിച്ചു കയറിയ അദ്ദേഹത്തെ യഥാര്‍ത്ഥ പരീക്ഷണം കാത്തിരിക്കുന്നത് ഇനിയാണ്. സി.പി.ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചേരിപ്പോര് നാടകത്തിനൊടുവിലാണ് കാഴ്ചക്കാരനായി നോക്കി നില്‍ക്കുകയായിരുന്ന രാജാജി കളത്തിലിറങ്ങി കളി തുടങ്ങുന്നത്.

കഴിഞ്ഞ ലോക്‌സഭയില്‍ സി.പി.ഐയുടെ ഏക എം.പിയായി പ്രവര്‍ത്തിച്ച സി.എന്‍.ജയദേവന് രണ്ടാമതൊരിക്കല്‍ കൂടി മല്‍സരിക്കാന്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്തിയത് എന്തിനെന്ന ചോദ്യത്തിന് ഇടതുമുന്നണി വരുംദിവസങ്ങളില്‍ തൃശൂരിലെ വോട്ടര്‍മാരോട് മറുപടി പറയേണ്ടി വരും. തന്റെ പ്രതിഛായ നശിപ്പിക്കാന്‍ പാര്‍ട്ടിക്കകത്തെ ശത്രുക്കള്‍ ആസൂത്രിതമായ കരുനീക്കം നടത്തി എന്നാണ് ജയദേവന്റെ പരാതി. അദ്ദേഹം ലക്ഷ്യമിടുന്നത് മുന്‍മന്ത്രി കെ.പി.രാജേന്ദ്രനെയാണ് എന്നത് വ്യക്തം. മണ്ഡലവുമായി ബന്ധമില്ലാതെ കറങ്ങി നടക്കുകയാണ് തൃശൂര്‍ എം.പി എന്ന വിമര്‍ശനം അടുത്ത നാളുകളിലായി നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

രാജേന്ദ്രനുമായി അടുപ്പമുള്ള ചില നേതാക്കള്‍ ആസൂത്രിതമായി തന്റെ പ്രതിഛായ തകര്‍ക്കാന്‍ നടത്തിയ പ്രചാരണമാണ് അതെന്നാണ് ജയദേവന്റെ ആരോപണം. തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി രാജേന്ദ്രന്‍ രംഗത്തിറങ്ങിയത് ഇരു നേതാക്കളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളാക്കിയിട്ടുണ്ട്. തനിക്കെതിരേ നവമാധ്യമങ്ങളില്‍ നടന്ന കുപ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജയദേവന്‍ പാര്‍ട്ടിയെ സമീപിച്ചത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു.

സി.പി.ഐ സംസ്ഥാന ഘടകത്തില്‍ കുറച്ചുകാലമായി ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ചേരിപ്പോരിന്റെ രക്തസാക്ഷിയാണ് ജയദേവന്‍ എന്ന് വിലയിരുത്തുന്നതിലും തെറ്റില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മല്‍സരം നടന്നപ്പോള്‍ കാനം രാജേന്ദ്രനെതിരേ കെ.ഇ.ഇസ്മയിലിനു വേണ്ടി ശക്തമായി രംഗത്തിറങ്ങിയ നേതാക്കളിലൊരാളാണ് തൃശൂര്‍ എം.പി. അദ്ദേഹത്തിന് ഒരവസരം കൂടി കൊടുക്കുന്നതില്‍ സംസ്ഥാന സെക്രട്ടറിക്കും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. എന്നാല്‍ തന്റെ വിശ്വസ്തനായ കെ.പി.രാജേന്ദ്രനെ പകരക്കാരനായി നിശ്ചയിക്കാന്‍ സാധിക്കാതിരുന്നത് കാനത്തിനും തിരിച്ചടിയായി.

തന്നെ മാറ്റി രാജേന്ദ്രനെ നിര്‍ത്തിയാല്‍ സംഘടനാ മര്യാദ മറന്ന് പലതും വെട്ടിത്തുറന്ന് പറയേണ്ടി വരും എന്ന ജയദേവന്റെ ഭീഷണിയാണ് രാജാജി മാത്യു തോമസിലേക്ക് ചര്‍ച്ചകള്‍ എത്താന്‍ വഴിയൊരുക്കിയത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചു.

ഹിന്ദു വോട്ടുകളുടെ ഏകീകരണം ഇടതുമുന്നണിക്ക് ദോഷകരമായി മാറിയേക്കാവുന്ന സീറ്റുകളിലൊന്നായാണ് ഇക്കുറി തൃശൂര്‍ വിലയിരുത്തപ്പെടുന്നത്. ഹൈന്ദവ വോട്ടുകളിലെ ചോര്‍ച്ച കൊണ്ടുണ്ടാകാവുന്ന ക്ഷീണം ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലൂടെ പരിഹരിക്കാം എന്ന ലളിതമായ യുക്തിയും സി.പി.ഐയുടെ തീരുമാനത്തിനു പിന്നില്‍ ഉണ്ട്. തൃശൂരില്‍ ഇത്തവണ യു.ഡി.എഫ് ടിക്കറ്റില്‍ ഏതെങ്കിലും ഹിന്ദു നേതാവായിരിക്കും മല്‍സരിക്കുക എന്നും എല്‍.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു.

പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്ന നേതാക്കളെ ഏകോപിപ്പിച്ച് പ്രചാരണത്തിന് ദിശാബോധം നല്‍കുക എന്ന ശ്രമകരമായ ദൗത്യമാണ് രാജാജി മാത്യു തോമസിനു മുന്നില്‍ ഉള്ളത്. കാനം രാജേന്ദ്രനുമായി അടുപ്പമുള്ള ആളെന്ന രീതിയിലാണ് അറിയപ്പെടുന്നതെങ്കിലും സൗമ്യമായ പെരുമാറ്റത്തിനുടമയായ അദ്ദേഹം പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാര്‍ക്കും സ്വീകാര്യന്‍ തന്നെയാണ്.

 

Latest News