കൊച്ചി- മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പ് കേസിൽനിന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ പിൻമാറി. കേസിൽനിന്ന് പിൻമാറുകയാണെന്ന് വിശദീകരിച്ച് സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. കേസിലെ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുന്നതിന് പ്രായോഗികമല്ലെന്നും സാക്ഷികൾക്ക് സമൻസ് അയക്കുക പോലും പ്രായോഗികമല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. മുസ്‌ലിം ലീഗിലെ പി.ബി അബ്ദുൽ റസാഖായിരുന്നു വിജയിച്ചത്. പി.ബി അബ്ദുൽ റസാഖിന്റെ മരണത്തെ തുടർന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം ഇവിടെ ഉപതെരഞ്ഞെടുപ്പും നടക്കും.
മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മരിച്ചുപോയ ഒരാളുടെ പേരിൽ കള്ളവോട്ട് ചെയ്തതായി ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു.