Sorry, you need to enable JavaScript to visit this website.

ജലീലിനെതിരെ വിജിലൻസ് അന്വേഷണമില്ല; യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം- ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. പ്രാഥമിക അന്വേഷണം പോലും നടത്താതെ അന്വേഷണം ആവശ്യമില്ലന്ന് തീരുമാനിച്ച സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നേതാവ് പി.കെ ഫിറോസ് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടന്ന് വെച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സർക്കാർ എന്തോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു.  ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു .ഈ വിഷയത്തിൽ യൂത്ത് ലീഗിന് മുസ്‌ലിം ലീഗിന്റെ പിന്തുണ ഇല്ലെന്ന ആരോപണം ശരിയല്ല. പാർട്ടിയുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.

ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ വിജിലൻസ് അന്വേഷണമില്ലെന്ന് സർക്കാർ നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയിൽ തുടർനടപടി ആവശ്യമില്ലെന്ന് വിജിലൻസ് തീരുമാനിക്കുകയും ഈ നിലപാട് സർക്കാർ അംഗീകരിക്കുകയുമായിരുന്നു. വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ തലപ്പത്ത് നിയമനം നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്നായിരുന്നു ആരോപണം.
 

Latest News