കൊച്ചി- ഹർത്താലിന് മുൻകൂർ നോട്ടീസ് നൽകണമെന്ന ഉത്തരവ് അറിയില്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും ഉത്തരവ് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഹൈക്കോടതി. കണ്ണൂരിൽ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനും മറ്റ് യു.ഡി.എഫ് നേതാക്കൾക്കുമെതിരായ കേസിലാണ് ഹൈക്കോടതി പരാമർശം. ഹർത്താലിന് മുൻകൂർ നോട്ടീസ് നൽകണമെന്ന ഉത്തരവ് അറിയില്ലെന്നും കേസിൽ കക്ഷിയല്ല എന്നുമുള്ള ഡീൻ കുര്യാക്കോസിന്റെയും യു.ഡി.എഫ് കൺവീനർ കമറുദ്ദീന്റെയും വാദം ഹൈക്കോടതി തള്ളി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ മറ്റുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് പറയാൻ ആർക്കുമാകില്ല. മിന്നൽ ഹർത്താലിലൂടെ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതാണ് പ്രശ്‌നമെന്നും ഹൈക്കോടതി പറഞ്ഞു. സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം ചെയ്തതെന്നും അക്രമങ്ങൾക്ക് ഉത്തരവാദിയല്ലെന്നും ഡീൻ വാദിച്ചു. ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു. അതേസമയം, അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഡീൻ കൂര്യാക്കോസും യു.ഡി.എഫ് നേതാക്കളും കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.