റിയാദ്- ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ സൈനിക സംഘർഷം ലഘൂകരിക്കുന്നതിൽ സൗദി അറേബ്യ സുപ്രധാന പങ്ക് വഹിച്ചതായി പാക് വാർത്താ വിതരണ മന്ത്രി ഫവാദ് ചൗധരി. നേരിട്ട് ഇടപെട്ടത് കൂടാതെ യു.എ.ഇയും അമേരിക്കയും പോലെയുള്ള മറ്റു രാജ്യങ്ങളെ സമാധാനം കൈവരിക്കുന്നതിനായി ഇടപെടാൻ സൗദി അറേബ്യ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ രാഷ്ട്രീയ നേട്ടത്തിനും ജനകീയത ഉയർത്തുന്നതിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാനുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിന് ആഗ്രഹിക്കുന്നില്ല. ആഭ്യന്തര തലത്തിൽ പാക്കിസ്ഥാൻ ഒറ്റക്കെട്ടാണ്. എന്നാൽ പാക്കിസ്ഥാനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ചേരിതിരിവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തി 300 ലേറെ ഭീകരരെ കൊലപ്പെടുത്തി എന്നതിന് ഒരു തെളിവു പോലും ഹാജരാക്കുന്നതിന് മോഡി ഗവൺമെന്റിന് സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മോഡി ഗവൺമെന്റ് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ അംഗീകരിക്കുന്നില്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് കൂടുതൽ അടുക്കുന്നതോടെ ഇന്ത്യയിൽ ആഭ്യന്തര ചേരിതിരിവുകൾ കൂടുതൽ രൂക്ഷമാകുമെന്നും പാക് മന്ത്രി പറഞ്ഞു.
എത്യോപ്യയും എരിത്രിയയും തമ്മിൽ ഇരുപതു വർഷത്തോളം നീണ്ട ശത്രുതയും സംഘർഷവും അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യ നടത്തിയ ശക്തമായ നയതന്ത്ര ശ്രമങ്ങൾ സഹായകമായിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഒരു ലക്ഷത്തിലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജിദ്ദയിൽ ഇരു രാജ്യങ്ങളും സമാധാന കരാർ ഒപ്പുവെച്ചു. എരിത്രിയൻ പ്രസിഡന്റ് ഇസയാസ് അഫ്‌വർകിയും എത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്മദും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സാന്നിധ്യത്തിൽ വെച്ചാണ് സമാധാന കരാർ ഒപ്പുവെച്ചത്. മറ്റു നിരവധി രാജ്യങ്ങളിലും സമാധാന പാലനത്തിനായി സൗദി സഹകരണം നൽകിയിട്ടുണ്ട്.