റിയാദ് - സ്വദേശി ജീവനക്കാരെ പിരിച്ചുവിടുന്നതിന് തൊഴിൽ നിയമത്തിലെ 77 ാം വകുപ്പ് സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ദുരുപയോഗിക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യമായ നിലക്കുള്ള പ്രവണതയായി മാറിയിട്ടില്ലെന്നും ഈ വകുപ്പിന്റെ ദുരുപയോഗം വളരെ പരിമിതമാണെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് അൽസഹ്‌റാനി പറഞ്ഞു.
77 ാം വകുപ്പുമായി ബന്ധപ്പെട്ട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സമദൂര സിദ്ധാന്തമാണ് അവലംബിക്കുന്നത്. സ്വദേശി ജീവനക്കാരുടെ പിരിച്ചുവിടൽ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യമായ നിലക്ക് ഉയർന്ന തോതിൽ സ്വദേശി ജീവനക്കാരെ സ്വകാര്യ മേഖല പിരിച്ചുവിടുന്നില്ല. പത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്ന കേസുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്.
പ്രാദേശിക വിപണിയിൽ ലഭ്യമായ ചില തൊഴിലുകളിൽ നിന്ന് സൗദികൾ വിട്ടുനിൽക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന്റെ ഉത്തരവാദിത്തം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു മാത്രമല്ല.
പ്രാദേശിക വിപണിയിൽ ലഭ്യമായ തൊഴിലുകൾക്ക് ആവശ്യമായ മാനദണ്ഡങ്ങളും ഉദ്യോഗാർഥികളുടെ യോഗ്യതകളും തമ്മിൽ പൊരുത്തമുണ്ടാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ശ്രമിച്ചുവരികയാണ്.
ചില സൗദികൾ സർക്കാർ ജോലികൾ ലഭിക്കുന്നതിന് തങ്ങൾക്ക് അർഹതയും അവകാശവുമുണ്ടെന്ന് വിശ്വസിച്ച് ഗവൺമെന്റ് ജോലി ലഭിക്കുന്നത് പ്രതീക്ഷിച്ച് വർഷങ്ങളോളം കാത്തിരിക്കുകയാണ്. തൊഴിൽരഹിതരായി സ്വയം കാണുന്ന ഇവർ സ്വകാര്യ മേഖലയിൽ ലഭ്യമായ തൊഴിലവസരങ്ങളിലേക്ക് നോക്കുന്നില്ല. സാംസ്‌കാരികവും സാമൂഹികവുമായ കാരണങ്ങളാലാണ് സ്വകാര്യ മേഖലയിലെ ജോലിയിൽ നിന്ന് ഇത്തരക്കാർ വിട്ടുനിൽക്കുന്നത്.
ഇക്കാര്യത്തിൽ ഉദ്യോഗാർഥികളുടെ മനോഭാവത്തിൽ പരിവർത്തനമുണ്ടാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്.
പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണം പാലിക്കുന്നതിൽ നിന്ന് ഒരു വർഷത്തേക്ക് ഇളവ് നൽകുന്നുണ്ട്. പ്രാദേശിക വിപണിയിലെ 71 മേഖലകൾ നിതാഖാത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേ സേവനമാണ് നൽകുന്നതെങ്കിലും സ്വകാര്യ ഗേൾസ് സ്‌കൂളുകൾക്കും ബോയ്‌സ് സ്‌കൂളുകൾക്കും ബാധകമായ സൗദിവൽക്കരണ അനുപാതം വ്യത്യസ്തമാണ്. ഉദ്യോഗാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബോയ്‌സ് സ്‌കൂളുകൾക്ക് ബാധകമായതിൽ നിന്ന് വ്യത്യസ്തമായ സൗദിവൽക്കരണ അനുപാതം ഗേൾസ് സ്‌കൂളുകൾക്ക് ബാധകമാക്കിയിരിക്കുന്നത്.
സ്ഥാപന നടത്തിപ്പ് ഫുൾടൈം അടിസ്ഥാനത്തിൽ സ്വന്തം നിലക്ക് വഹിക്കുന്ന സ്വയം സംരംഭകർക്കു മാത്രമാണ് പിന്തുണകളും സഹായങ്ങളും നൽകുക. സ്ഥാപനത്തിലെ ജീവനക്കാരനെന്നോണം ഉടമ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും സ്ഥാപനങ്ങളുടെ മൂലധനം ഒരു ലക്ഷം റിയാലിൽ കൂടുതലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത്തരക്കാർക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഒമ്പതു വിസകൾ വരെ അനുവദിക്കും.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ ചെറിയ കുട്ടികളെ ശിശുപരിപാലന കേന്ദ്രങ്ങളിൽ ചേർക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതി വ്യവസ്ഥകൾ ലഘൂകരിച്ചിട്ടുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന വനിതാ ജീവനക്കാരുടെ കൂടിയ വേതനം 5000 റിയാലിൽ നിന്ന് 8000 റിയാലായി ഉയർത്തിയിട്ടുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തുന്ന സൗദി വനിതകളുടെ എണ്ണം 23,000 ആയി ഉയർന്നിട്ടുണ്ട്. ആളുകളുടെ മാനത്തിന് ക്ഷതമേൽപിക്കാത്ത എല്ലാ തൊഴിലുകളും മാന്യമാണ്. പത്തൊമ്പതു തൊഴിലുകളിൽ വനിതകളെ നിയമിക്കുന്നത് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ വിലക്കിയിട്ടുണ്ട്. ഈ തൊഴിലുകളെല്ലാം വനിതകൾക്ക് അപകടകരമാണെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് അൽസഹ്‌റാനി പറഞ്ഞു.