റിയാദ് - ലബനോനിലെ ഹിസ്ബുല്ലയെ ഭീകര സംഘടനയായി ബ്രിട്ടൻ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യൻ മന്ത്രിസഭ സ്വാഗതം ചെയ്തു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഹിസ്ബുല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ബ്രിട്ടീഷ് നടപടിയെ സ്വാഗതം ചെയ്തത്. ലോകത്ത് ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ നടത്തുന്ന ശ്രമങ്ങളിൽ പ്രധാനവും സൃഷ്ടിപരവുമായ ചുവടുവെപ്പാണ് ഹിസ്ബുല്ലയെ ഭീകര സംഘടനകളിൽ പെടുത്തിയ നടപടി.
മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കുന്ന ഭീകര മിലീഷ്യകൾക്കെതിരെ ശക്തവും ഏകീകൃതവുമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ സൗദി അറേബ്യയുടെയും ബ്രിട്ടന്റെയും പാത അന്താരാഷ്ട്ര സമൂഹം പിന്തുടരേണ്ടത് അനിവാര്യമാണ്. യെമനിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള യു.എൻ പദ്ധതിക്ക് 50 കോടി ഡോളർ സംഭാവന നൽകിയതും യെമനിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ഈ വർഷാദ്യം സൗദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിയും യെമൻ ജനതയോടുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നതെന്ന് മന്ത്രിസഭ പറഞ്ഞു. ഈ വർഷം ജനുവരി വരെയുള്ള കാലത്ത് യെമന് സൗദി അറേബ്യ 1300 കോടിയിലേറെ ഡോളർ സഹായം നൽകിയിട്ടുണ്ട്.
വ്യത്യസ്ത പ്രശ്‌നങ്ങളിലെ സുസ്ഥിര നിലപാടുകൾ അടിവരയിട്ട് വ്യക്തമാക്കിയ, അബുദാബിയിൽ ചേർന്ന നാൽപത്തിയാറാമത് ഒ.ഐ.സി യോഗം അംഗീകരിച്ച പ്രഖ്യാപനത്തെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കുന്നതിനും ഒ.ഐ.സി നടത്തുന്ന പ്രയത്‌നങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. ഗൾഫ് ഏകീകൃത സൈനിക കമാണ്ടന്റ് ആസ്ഥാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജി.സി.സി ജനറൽ സെക്രട്ടറിയേറ്റുമായി ചർച്ച നടത്തി കരാർ ഒപ്പുവെക്കുന്നതിന് വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
പുനരുപയോഗ ഊർജം, വിദേശ പങ്കാളിത്തം, ഉൽപാദനം-നിർമാണം, സംരംഭകത്വ പിന്തുണ, പെട്രോൾ-ഗ്യാസ്-പെട്രോകെമിക്കൽസ്, സംയുക്ത തന്ത്രപ്രധാന രാഷ്ട്രീയ സംവാദം സംഘടിപ്പിക്കൽ, ഗവൺമെന്റ്-സർക്കാർ സേവന നവീകരണം എന്നീ മേഖലകളിൽ സഹകരിക്കുന്നതിന് യു.എ.ഇയുമായി ഒപ്പുവെച്ച ധാരണാപത്രങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ ഇന്തോനേഷ്യയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് ദേശീയ സുരക്ഷാ ഏജൻസി പ്രസിഡന്റിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സഹകരിക്കുന്നതിന് അർജന്റീനയുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. വ്യാപാര സ്ഥാപനങ്ങൾക്കിടയിലും കമ്പനികൾക്കിടയിലും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും കുത്തകവൽക്കരണവും മറ്റു നിഷേധാത്മക പ്രവണതകളും തടയുകയും ചെയ്യുന്ന കോംപറ്റീഷൻ നിയമവും മന്ത്രിസഭ പാസാക്കി.