മസ്കത്ത്- ഒമാനില്‍ സ്വകാര്യ മേഖലയിലെ 12 വിഭാഗങ്ങളിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ച് മജ്‌ലിസ് ശൂറയില്‍ പുതിയ റിപ്പോര്‍ട്ട്. യൂത്ത് ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും തുടര്‍ നടപടികളുണ്ടാകുക.
40,640 തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശീലന കേന്ദ്രങ്ങളുടെ അഭാവമാണ് സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രധാന കാരണം. സര്‍ക്കാര്‍ നേരിട്ട് ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ നീളുന്ന തൊഴില്‍ പരിശീലനങ്ങള്‍ സ്വകാര്യ മേഖലയില്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഒരു വര്‍ഷത്തിനിടെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ 13,782 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ നിയമനം നല്‍കിയതായി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലാണ് അനുയോജ്യമായ തൊഴില്‍ സ്വദേശികള്‍ക്കായി ലഭ്യമാക്കിയത്. ഇതിനായി 576 ഇന്റര്‍വ്യൂകള്‍ നടത്തിയതായും മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മഹ്ഫൂസ് ബിന്‍ ഹംദാന്‍ അല്‍ വഹൈബി പറഞ്ഞു.