Sorry, you need to enable JavaScript to visit this website.

മലപ്പുറം വിഭജിക്കാനുള്ള മുറവിളികൾ

ജില്ലാ വിഭജനം എന്നത് ഏറെ ആലോചിച്ച് നടപ്പാക്കേണ്ട കാര്യമാണ്. രണ്ടു ജില്ലകൾക്കുള്ള വിസ്തൃതിയും ജനസംഖ്യയും നിലവിലുള്ള മലപ്പുറം ജില്ലയിലുണ്ടോ എന്ന ശാസ്ത്രീയമായ പഠനം നടക്കേണ്ടതുണ്ട്. സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന ആവശ്യം അംഗീകരിക്കുന്നതിന് മുമ്പ് നിലവിലുള്ള സംവിധാനത്തിന്റെ അപര്യാപ്തതകൾ എന്തെല്ലാമാണെന്ന് കണ്ടെത്തി പരിഹരിക്കാനാകണം. 

മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല തിരൂർ ആസ്ഥാനമായി വേണമെന്ന മുറവിളി വീണ്ടും ഉയരുകയാണ്. ഏതാനും വർഷങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ള ഈ ആവശ്യം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തും സജീവമാകുമെന്ന സൂചനകളാണുള്ളത്. മലപ്പുറം ജില്ല അമ്പതാം വാർഷികമാഘോഷിക്കുന്ന വേളയിലാണ് ഈ ആവശ്യം കൂടുതൽ ഉച്ചത്തിൽ ഉയരുന്നത്. ഭരണപരമായ സൗകര്യത്തിനായി ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് പല രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാക്കാലുള്ള പിന്തുണയിൽ കവിഞ്ഞ് യാതൊരു നീക്കവുമുണ്ടായിട്ടില്ല.
സംസ്ഥാനത്ത് ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാമതും വിസ്തൃതിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തും നിൽക്കുന്ന ജില്ലയാണ് മലപ്പുറം. 3550 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തൃതി. ഇത്രയും വിസ്തൃതിയുള്ള മലപ്പുറത്ത് ജനങ്ങൾക്ക് ജില്ലാ ആസ്ഥാനത്ത് എത്താൻ എറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. ജില്ലയുടെ രണ്ടറ്റങ്ങളിൽ കിടക്കുന്ന മാറഞ്ചേരി, വഴിക്കടവ് മേഖലകളിലുള്ളവർക്ക് ജില്ലാ കലക്ടറേറ്റിലും മറ്റ് അനുബന്ധ ജില്ലാ ഓഫീസുകളിലുമെത്തണമെങ്കിലും മൂന്നു മണിക്കൂറോളം സഞ്ചരിക്കണം. അധികാരം ജനങ്ങളിലേക്കെത്തിക്കുമെന്നാണ് ആധുനിക സർക്കാരുകളുടെ മുദ്രാവാക്യമെങ്കിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് അധികാരത്തിന്റെ ഗുണം ലഭിക്കാൻ യാത്ര ചെയ്തു കൊണ്ടേയിരിക്കണം. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകളാണ് മലപ്പുറത്തെ വിഭജിക്കണമെന്ന ആവശ്യമുയരാൻ പ്രധാന കാരണം.
മലപ്പുറത്തെ വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എസ്.ഡി.പി.ഐ ആണ്. ഈ ആവശ്യമുന്നയിച്ച് രണ്ടു വർഷത്തോളമായി സമര രംഗത്തുള്ള എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അടുത്തിടെ ജില്ലയിൽ ലോംഗ് മാർച്ചും നടത്തിയിരുന്നു. തിരൂർ, പൊന്നാനി,  തിരൂരങ്ങാടി താലൂക്കുകളെ ഉൾപ്പെടുത്തിയ പുതിയ ജില്ല വേണമെന്നും തിരൂരിനെ അതിന്റെ ആസ്ഥാനമാക്കണമെന്നുമാണ് ആവശ്യം. ഈ ആവശ്യത്തോടു സി.പി.എമ്മും മുസ്‌ലിം ലീഗും അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. എന്നാൽ ഈ ആവശ്യത്തിനു വേണ്ടിയുള്ള എസ്.ഡി.പി.ഐയുടെ സമരത്തിൽ അവർ പങ്കാളികളായിട്ടില്ല. പുതിയ ജില്ലയെന്ന ആവശ്യത്തെ രാഷ്ട്രീയപാർട്ടികൾ എതിർക്കുന്നില്ല. എന്നാൽ ഈ ആവശ്യം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളൊന്നും പ്രമുഖ പാർട്ടികളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എസ്.ഡി.പി.ഐയുടെ ആവശ്യമെന്ന നിലക്കാണ് ഇക്കാര്യം ജില്ലയിലെ പൊതുസമൂഹത്തിനിടയിൽ ഇപ്പോൾ ഉയർന്നു നിൽക്കുന്നത്.
മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ലയുണ്ടാക്കുന്നത് ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ സൗകര്യങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലുള്ളവർക്ക്, പ്രത്യേകിച്ച് മൽസ്യത്തൊഴിലാളികൾക്ക് പുതിയ ജില്ലാ രൂപീകരണം സഹായകമാകും. നിലവിൽ ജില്ലാ തലത്തിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കും ജില്ലാ കലക്ടർ അടക്കം വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളെ കാണുന്നതിനും മണിക്കൂറുകളോളം സഞ്ചരിച്ച് മലപ്പുറത്തെത്തണം. തിരൂരിൽ പുതിയ ജില്ലാ കലക്ടറേറ്റ് വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കിക്കിട്ടും. മാത്രമല്ല, വികസന രംഗത്ത് തിരൂർ മേഖലക്ക് കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ നീക്കം ഉപകരിക്കും. സർക്കാർ ഫണ്ട് പുതിയ ജില്ലക്ക് കൂടി ലഭിക്കുന്നതോടെ പൊതുമേഖലയിൽ കൂടുതൽ വികസനമുണ്ടാകും. ഇത് മലപ്പുറത്തിന്റെ കിഴക്കൻ മേഖലയുടെ ജീവിത നിലവാരം ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന് വലിയ ബാധ്യതകളുണ്ടാക്കുന്നതാണ്. ജില്ലാ കലക്ടർ ഉൾപ്പെടെ ജില്ലാതല ഉദ്യോഗസ്ഥരുടെ പുതിയ തസ്തികകൾ ഉണ്ടാക്കണം. ഒട്ടേറെ വകുപ്പുകൾക്ക് ഓഫീസ് അടക്കമുള്ള കെട്ടിടങ്ങൾ താൽക്കാലികമായെങ്കിലും കണ്ടെത്തണം. മലപ്പുറം പഴയ ജില്ലാ ആസ്ഥാനമാക്കി നിലനിർത്തിയാൽ തന്നെ ഭൂമിശാസ്ത്രപരമായ അസമത്വം ഉയർത്തിക്കാട്ടപ്പെടും. പഴയ ജില്ലയുടെ ആസ്ഥാനം മലപ്പുറത്തു നിന്ന് മഞ്ചേരിയിലേക്കോ മറ്റോ മാറ്റേണ്ടി വരും. ഇതും സങ്കീർണതകൾ സൃഷ്ടിക്കും. മാത്രമല്ല, സംസ്ഥാനത്ത് വിസ്തൃതിയുടെ കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന പാലക്കാട്, ഇടുക്കി ജില്ലകളിലൊന്നും ജില്ലാ വിഭജനമെന്ന ആവശ്യം ശക്തമല്ല. മലപ്പുറത്ത് ഇത്തരത്തിലൊരു വിഭാജനം നടത്തിയാൽ മറ്റു ജില്ലകളിൽ നിന്നും ഇതേ ആവശ്യം ഉയർന്നേക്കും. അത് സർക്കാരിന് കടുത്ത ബാധ്യതകൾ സൃഷ്ടിക്കും. 
സർക്കാർ ഉദ്യോഗ്‌സഥരും രാഷ്ട്രീയ നേതാക്കളും തിരൂർ ജില്ലയെന്ന ആവശ്യത്തെ പിന്തുണക്കുന്നവരാണ്. പുതിയ ജില്ല വരുന്നതോടെ പ്രൊമോഷൻ സാധ്യത വർധിക്കുമെന്നതാണ് ഉദ്യോഗസ്ഥരിൽ താൽപര്യമുണ്ടാക്കുന്നത്. മാത്രമല്ല, നിലവിൽ തീവണ്ടി ഗതാഗതം സജീവമായ മേഖലയാണ് തിരൂർ. മലപ്പുറം ജില്ലയുടെ തീവണ്ടിപ്പാത കടന്നു പോകുന്നത് പൂർണമായും തിരൂർ മേഖലയിലൂടെയാണ്. യാത്രാ സൗകര്യമുണ്ടെന്നത് അന്യ ജില്ലക്കാരായ ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളാകട്ടെ, പുതിയ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്. പുതിയ ജില്ല വരുന്നതോടെ വിവിധ പാർട്ടികളിലെ പ്രാദേശിക നേതാക്കൾക്ക് ജില്ലാ ഭാരവാഹികളുടെ സ്ഥാനങ്ങൾ ലഭിക്കും. വിവിധ സർക്കാർ സംവിധാനങ്ങളുടെ ജില്ലാ പ്രതിനിധികൾ എന്ന നിലയിൽ പദവികളും അവർക്ക് ലഭിക്കും.
ജില്ലാ വിഭജനം എന്നത് ഏറെ ആലോചിച്ച് നടപ്പാക്കേണ്ട കാര്യമാണ്. രണ്ടു ജില്ലകൾക്കുള്ള വിസ്തൃതിയും ജനസംഖ്യയും നിലവിലുള്ള മലപ്പുറം ജില്ലയിലുണ്ടോ എന്ന ശാസ്ത്രീയമായ പഠനം നടക്കേണ്ടതുണ്ട്. സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന ആവശ്യം അംഗീകരിക്കുന്നതിന് മുമ്പ് നിലവിലുള്ള സംവിധാനത്തിന്റെ അപര്യാപ്തതകൾ എന്തെല്ലാമാണെന്ന് കണ്ടെത്തി പരിഹരിക്കാനാകണം. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ സംഘടനകളുടെയും ആവശ്യത്തിനനുസരിച്ച് വിഭജിക്കപ്പെടേണ്ട ഒന്നല്ല ജില്ലകൾ. ജില്ലകളുടെ പരമാധികാരികളായ കലക്ടർമാരുടെ സേവനങ്ങൾ ജനങ്ങളിലെത്താൻ നിലവിലുള്ള സംവിധാനങ്ങളുടെ പുനഃക്രമീകരണത്തെ കുറിച്ച് ആദ്യം ആലോചിക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും ജനങ്ങൾക്ക് ജില്ലാ ഓഫീസുകളിലെത്തണമെന്ന നില മാറണം. തഹസിൽദാർമാർക്കും താലൂക്ക് ഓഫീസുകൾക്കും കൂടുതൽ അധികാരം നൽകി ജില്ലാ ഓഫീസുകളുടെ ജോലി ഭാരം ലഘൂകരിക്കാവുന്നതാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരമാവധി താലൂക്കുകളിൽ തന്നെ പരിഹരിക്കപ്പെടുന്ന അവസ്ഥയാണുണ്ടാകേണ്ടത്. ഭരണ സംവിധാനങ്ങൾ കാര്യക്ഷമമല്ലെങ്കിൽ കൂടുതൽ ജില്ലകൾ നിലവിൽ വരുന്നതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനം ലഭിക്കണമെന്നില്ല. 
നിലവിലുള്ള സംവിധാനങ്ങളെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നാണ് സർക്കാർ ആദ്യം ഉറപ്പു വരുത്തേണ്ടത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ വിഭാവനം ചെയ്ത പ്രാദേശിക ഭരണ സംവിധാനങ്ങളുടെ ശക്തി നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ഭരണം വീണ്ടും മുകൾ തട്ടിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് തടയണം. ഒരു ജില്ല വിഭജിച്ച് പുതിയ ജില്ല നിർമിക്കുന്നത് സർക്കാരും ജനങ്ങളും തമ്മിലുള്ള ദൂരം കുറയും. 
എന്നാൽ അധികാരം യഥാർത്ഥ അർഥത്തിൽ താഴെ തട്ടിലേക്ക് എത്തണമെങ്കിൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സർക്കാർ ഓഫീസുകൾ ജനങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാകണം. അവരുടെ പ്രശ്‌നങ്ങൾ പ്രാദേശിക തലത്തിൽ തന്നെ പരിഹരിക്കപ്പെടണം.

Latest News