തിരുവനന്തപുരം- സെക്രട്ടറിയേറ്റില്‍ ഭരണകക്ഷി സംഘടനാ നേതാക്കളുടെ അമിതാധികാരം മൂലം വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പോലും തടസ്സപ്പെടുന്നതായി ആക്ഷേപം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയെ ചൊല്ലി സെക്രട്ടറിയേറ്റിലെ സി.പി.എം സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പൊതുഭരണ വകുപ്പ് (ജി.എ.ഡി) പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങിയതാണ് ഇതില്‍ ഒടുവിലത്തേത്.
സെക്രട്ടറിയേറ്റിലെ ഫയലുകള്‍ നീങ്ങണമെങ്കില്‍ സംഘടനാ നേതാക്കള്‍ വിചാരിക്കണമെന്ന സ്ഥിതിയാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ സംഘടനാ നേതാക്കളുടെ നിര്‍ദേശാനുസരണം നടപ്പാക്കുകയുമില്ല. എന്തു പ്രതിസന്ധി വന്നാലും നേതാക്കള്‍ സംരക്ഷിച്ചു കൊള്ളുമെന്നതിനാല്‍ യാഥാര്‍ഥത്തില്‍ സെക്രട്ടറിയേറ്റ് ഭരണം സംഘടനാ നേതാക്കള്‍ കൈപ്പിടിയിലൊതുക്കുകയാണ്. വകുപ്പ് സെക്രട്ടറിമാരും മറ്റും നോക്കുകുത്തികളായിരിക്കേണ്ട ഗതികേടിലാണിപ്പോള്‍. യു.ഡി.എഫ് ഭരണകാലത്തും ഇതൊക്കെ ഒരു പരിധിവരെ സംഭവിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെപ്പോലെ ഭരണകക്ഷി സംഘടന ഭരണം കൈപ്പിടിയിലൊതുക്കിയ സ്ഥിതി മുമ്പുണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയെടുത്ത നടപടി താക്കീത് മാത്രമാക്കി കുറച്ചുകൊണ്ടുള്ള വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാത്ത സി.പി.എം അനുകൂല സംഘടനാ നേതാക്കള്‍ക്കെതിരെ നടപടി എടുത്തതോടെയാണ് ഇപ്പോള്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംഘടനാ നേതാക്കളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്.
കഴിഞ്ഞ യു.ഡി.എഫ സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഹൗസിംഗ് സഹകരണ സംഘത്തില്‍ 7.15 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വെട്ടിപ്പ് കണ്ടെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമതിയെ പിരിച്ചുവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സെക്ഷന്‍ ഓഫീസര്‍ മുതല്‍ അഡീഷണല്‍ സെക്രട്ടറി വരെയുള്ള 10 പേര്‍ക്കെതിരെ അന്വേഷണം നടത്തി മേജര്‍ പെനാല്‍റ്റി ഈടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ നടപടി താക്കീതായി സിന്‍ഹ കുറച്ചുവെന്നാണ് സി.പി.എം സംഘടനയുടെ ആരോപണം.
എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസാണിത്. നേരത്തെ മുഖ്യമന്ത്രി അംഗീകരിച്ച അച്ചടക്ക നടപടിയുടെ ഫയല്‍ വീണ്ടും ചീഫ് സെക്രട്ടറിയെ മാത്രം കാണിച്ച് നടപടി ലഘൂകരിക്കുകയായിരുന്നുവെന്നും സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ നടപടി സ്വീകരിച്ചതെന്നാണ് സിന്‍ഹ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള നടപടിലഘൂകരിച്ച് ഉത്തരവിറക്കാന്‍ സി.പി.എം അനുകൂല സംഘടനാനേതാക്കള്‍ തയാറായില്ല.
തുടര്‍ന്ന് അണ്ടര്‍ സെക്രട്ടറി ജി.ആര്‍. രമേശ്, സെക്ഷന്‍ ഓഫീസര്‍ എസ്.എസ്. ദീപു, അസിസ്റ്റന്റ് സെക്ഷന്‍ ഒഫീസര്‍ ഐ. കവിത എന്നിവരെ ജി.എ.ഡിയില്‍നിന്ന് മാറ്റാന്‍ സിന്‍ഹ ഉത്തരവിട്ടു. സി.പി.എം അനുകൂലികളായ അഡീഷണല്‍ സെക്രട്ടറിയും ജോയന്റ് സെക്രട്ടറിയും ഈ ഉത്തരവ് നടപ്പാക്കാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്ന് അവര്‍ക്ക് ഇതുസംന്ധിച്ചുള്ള അധികാരം സിന്‍ഹ റദ്ദ് ചെയ്യുകയും നേരിട്ട് അവരെ മൂന്ന് പേരെയും റവന്യൂ, തദ്ദേശ വകുപ്പുകളിലേക്ക് സ്ഥലംമാറ്റി. എന്നാല്‍ അവിടെ ഒഴിവില്ലെന്ന് പറഞ്ഞ് ഫയല്‍ സിന്‍ഹക്ക് തന്നെ മടക്കി. സി.പി.എം അനുകൂല സംഘടനയുടെ സ്വാധീനം മൂലമാണിതുണ്ടായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.