Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പു ഗോദയില്‍ സുനീറിനു മൂന്നാം ഊഴം

കല്‍പറ്റ-ലോക്‌സഭാ തെരഞ്ഞെടുപ്പുഗോദയില്‍ പുതുമുഖമല്ല വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.ഐ ടിക്കറ്റില്‍ അങ്കത്തിനിറങ്ങുന്ന പി.പി. സുനീര്‍. പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ 1999 ല്‍ ബനാത്തുവാലയോടും 2004 ല്‍ ഇ. അഹമ്മദിനോടും പൊരുതിയ പരിചയം ഇടതു രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ സുനീറിനുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള സുനീറിനു പ്രാക്ടിക്കല്‍ പൊളിറ്റിക്‌സും ഹൃദിസ്ഥമാണ്. രാഷ്ട്രീയത്തിലെ ഒഴുക്കുകളും  അടിയൊഴുക്കുകളും സസൂക്ഷ്മം  നിരീക്ഷിക്കുന്ന  അദ്ദേഹം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ലഭിച്ച അവസരത്തെ കളിയായി കാണുന്നില്ല. ആന കുത്തിയാല്‍ മറിയാത്ത സീറ്റെന്നു യു.ഡി.എഫ് നേതാക്കള്‍ ഊറ്റം കൊള്ളുന്ന വയനാട് മണ്ഡലത്തിന്റെ ജാതകം തിരുത്തിയെഴുതണമെന്ന തീരുമാനത്തിലാണ്  മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ സുനീര്‍.
പാന്നാനി മാറഞ്ചേരി മടയപ്പറമ്പില്‍ പരേതനായ റിട്ടയേര്‍ഡ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍-ആയിഷാബി ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് അന്‍പതുകാരനായ സൂനീര്‍. ഭാര്യ എടപ്പാള്‍ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കള്‍ അധ്യാപിക ഷാഹിനയും റിയാന, ലിയാന, സഞ്ജിത്ത് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
എ.ഐ.എസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ സുനീര്‍ തൃശൂര്‍ കേരള വര്‍മ കോളേജില്‍നിന്നാണ് രാഷ്ട്രീയ മീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയത്. രണ്ടു വട്ടം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായ സുനീര്‍ 2011 മുതല്‍ 2018 വരെ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും എല്‍.ഡി.എഫ് മലപ്പുറം ജില്ലാ കണ്‍വീനറുമാണ്.
വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല.

 

 

 

 

 

 

 

Latest News