Sorry, you need to enable JavaScript to visit this website.

സോഫ്റ്റ്‌വെയര്‍ മാറി, ഹയര്‍ സെക്കണ്ടറി പരീക്ഷ താളം തെറ്റുന്നു

തിരുവനന്തപുരം- അവസാന നിമിഷം സോഫ്റ്റ്‌വെയര്‍ മാറ്റിയത് മൂലം നാളെ തുടങ്ങുന്ന  ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. പുതിയ പരീക്ഷാ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളൊന്നും ഇതുവരെ ചെയ്തു തീര്‍ക്കാനായില്ലെന്നതാണ് പ്രശ്‌നം. പരീക്ഷക്കിനി ഒരു ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ.

പരീക്ഷാ പേപ്പറുകള്‍ ഇതുവരെ പല സ്കൂളുകളിലും തയാറാക്കിയെത്തിച്ചിട്ടില്ല. രണ്ടാം വര്‍ഷ പരീക്ഷാ പേപ്പര്‍ കിട്ടിയ സ്കൂളുകളില്‍ ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ ലഭിച്ചിട്ടില്ല. രണ്ടാം വര്‍ഷക്കാര്‍ക്ക് ബുധനാഴ്ചയും ഒന്നാം വര്‍ഷക്കാര്‍ക്ക് വ്യാഴാഴ്ചയുമാണ് പരീക്ഷ.  ഹയര്‍ സെക്കന്‍ഡറി സയന്‍സ് വിഷയങ്ങളുടെ ബാര്‍കോഡുള്ള ഉത്തരപേപ്പറുകള്‍ ലഭിക്കാത്ത സ്കൂളുകളും നിരവധിയാണ്. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നാണ് പരീക്ഷയെഴുതുന്നത്. ഓരോ ദിവസവും ക്ലാസും ഇരിപ്പിടവും മാറുന്ന രീതിയിലുള്ള ക്രമീകരണവും പരീക്ഷാ സോഫ്റ്റ് വെയറില്‍നിന്നുള്ള ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ചെയ്യുന്നത്. ഇതും പ്രതിസന്ധിയിലായിരിക്കുകയാണ്. ചുരുക്കത്തില്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചിട്ടകളൊക്കെ തെറ്റിയ സ്ഥിതിയിലാണ്.

പ്രായോഗിക പരീക്ഷ ഒരാഴ്ച മുമ്പ് നടത്തിയെങ്കിലും ഇതിന്റെ മാര്‍ക്ക് ലിസ്റ്റ് ഇതുവരെ എന്റര്‍ ചെയ്യാനായിട്ടില്ല. ഈ മാസം ഏഴിന് നടക്കേണ്ടുന്ന എഴുത്തു പരീക്ഷയുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന (ഇന്‍വിജിലേറ്റര്‍) അധ്യാപകരുടെ ലിസ്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. കുട്ടികള്‍ക്കിതുവരെ ഹാള്‍ ടിക്കറ്റ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം ഹാള്‍ ടിക്കറ്റ് തയാറാക്കി ചില സ്കൂളുകളില്‍ അധികൃതര്‍ എത്തിച്ചുവെങ്കിലും ഇന്ന് മാത്രമേ വിതരണം ചെയ്യാനാവുകയുള്ളൂ. സാധരാണ നിലയില്‍ ഇത് പരീക്ഷയുടെ ഒരാഴ്ച മുമ്പെങ്കിലും വിതരണം ചെയ്യുന്നതാണ്.

കഴിഞ്ഞ വര്‍ഷം വരെ എച്ച്.എസ്.ഇ മാനേജര്‍ എന്ന സ്വകാര്യ സോഫ്റ്റ്‌വെയര്‍ ആണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്നത്. ഇത്തവണ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെയാണ് ഏല്‍പിച്ചത്. തയാറെടുപ്പുകളില്ലാതെ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണറിയുന്നത്. പ്രായോഗിക പരീക്ഷക്കായി ഈ സോഫ്റ്റ്‌വെയര്‍ പ്രകാരം അധ്യാപകരുടെ ഡ്യൂട്ടി ലിസ്റ്റ് ഇട്ടെങ്കിലും പിഴവുകള്‍ മൂലം പിന്‍വലിക്കേണ്ടി വന്നു. പരീക്ഷാ ചുമതലയുള്ള അധ്യാപകരുടെ സഹായത്തോടെ ലിസ്റ്റ് പുതുക്കി തല്‍ക്കാലം പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 

 

 

Latest News