അബുദാബി- സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതു നിര്‍ബന്ധമാക്കി നിയമം വരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തൊഴില്‍ നേടുന്നത് തടയാനാണ് നടപടി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സ്വദേശികളും വിദേശികളുമെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണ, മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ച് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നത്.
വരുന്ന മൂന്ന് വര്‍ഷത്തില്‍ ദുബായ് പോലുള്ള എമിറേറ്റുകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് മന്ത്രാലയ റിപ്പോര്‍ട്ട്. ഇതുമൂലം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി തൊഴില്‍ നേടാനുള്ള സാധ്യതയും അധികൃതര്‍ മുന്നില്‍ കാണുന്നു. അതു തടയിടാനാണ് സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നത്.
നിയമനം ലഭിക്കുന്നതിനു മുന്‍പ് നേടിയ സര്‍ട്ടിഫിക്കറ്റും തൊഴില്‍ ലഭിച്ച ശേഷം സ്ഥാനക്കയറ്റം നേടാനായി ഉന്നത ബിരുദം കരസ്ഥമാക്കിയവരും സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തണം.