Sorry, you need to enable JavaScript to visit this website.

സ്വന്തം പ്രോഗ്രസ് റിപ്പോർട്ടുമായി എം.ബി. രാജേഷ്

പാലക്കാട് -തീരുമാനം വന്നിട്ടില്ലെങ്കിലും പാലക്കാട്ട് നിലവിലുള്ള എം.പി എം.ബി.രാജേഷ് ഒരിക്കൽ കൂടി ഇടതുമുന്നണി സ്ഥാനാർഥിയായി എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അഞ്ചു വർഷത്തെ തന്റെ പ്രവർത്തനം സ്വയം വിലയിരുത്തിക്കൊണ്ടുള്ള ഒരു പ്രോഗ്രസ് കാർഡ് വോട്ടർമാർക്കു മുന്നിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. 
അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് എത്തലായൊന്നും ഇതിനെ കാണേണ്ടതില്ലെന്ന് എം.പിയുമായി അടുപ്പമുള്ളവർ പറയുന്നു. 2014ൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതിനു ശേഷം സ്വന്തം പ്രകടനം വിലയിരുത്തി എല്ലാ വർഷവും അദ്ദേഹം പ്രോഗ്രസ് കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ചെയ്ത കാര്യങ്ങളും ചെയ്യാനാകാതെ പോയവയും ചെയ്യാനാഗ്രഹിക്കുന്നവയും എല്ലാം ഉൾപ്പെടുത്തി രാജേഷ് ഓരോ വർഷവും ഇറക്കുന്ന പ്രോഗ്രസ് കാർഡിനെ എട്ടുകാലി മമ്മൂഞ്ഞിന്റെ അവകാശവാദമായി പ്രതിപക്ഷം പരിഹസിക്കാറുണ്ടെങ്കിലും കാർഡ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാൻ സി.പി.എമ്മിന്റെ സംഘടനാ സംവിധാനം പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. അഞ്ചു വർഷം എം.പിയെന്ന നിലയിൽ രാജേഷ് നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്രറിപ്പോർട്ടായിരിക്കും ഇത്തവണത്തെ പ്രോഗ്രസ് കാർഡ് എന്ന് എം.പിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മേഖലക്കും ലൈബ്രറികൾക്കും വേണ്ടിയാണ് തന്റെ പ്രാദേശിക വികസന ഫണ്ടിന്റെ ഭൂരിഭാഗവും പാലക്കാട് എം.പി നീക്കിവെച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലും എം.പി ഫണ്ട് ചെലവഴിക്കപ്പെട്ടു. വികസനത്തെക്കുറിച്ച് എം.പിക്കുള്ള കാഴ്ചപ്പാടായാണ് പ്രോഗ്രസ് റിപ്പോർട്ട് എം.പി ഫണ്ടിന്റെ വിനിയോഗത്തെ അവതരിപ്പിക്കുന്നത്. 
പാലക്കാട് ഐ.ഐ.ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ ഇടപെടൽ ആത്മസംതൃപ്തി പകരുന്ന ഒന്നായി രാജേഷ് സ്വയം വിലയിരുത്തുന്നു. 
ആദിവാസി മേഖലയായ അട്ടപ്പാടിയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികളാണ് അദ്ദേഹത്തിന് തൃപ്തി പകരുന്ന മറ്റൊരു വിഷയം. അതേസമയം റെയിൽവേ കോച്ച് ഫാക്ടറി പോലുള്ള വിഷയങ്ങളിൽ തുടർച്ചയായി ഇടപെട്ടിട്ടും ഫലം ലഭിക്കാതിരിക്കുന്നതിലെ നിരാശ അദ്ദേഹം മറച്ചുവെക്കുന്നുമില്ല. പൊതുമേഖലയോടും കേരളത്തിലെ വികസന പദ്ധതികളോടും എൻ.ഡി.എ സർക്കാരിനുള്ള താൽപര്യക്കുറവായാണ് എം.പി വിഷയത്തെ കാണുന്നത്.
വർഷം തോറുമുള്ള പ്രോഗ്രസ് അവതരിപ്പിക്കൽ എം.ബി.രാജേഷിന്റെ ഗിമ്മിക്കായാണ് പ്രതിപക്ഷം കാണുന്നത്. യു.ഡി.എഫ് എം.എൽ.എമാരുടെ ഇടപെടൽ മൂലം ലഭിച്ച പദ്ധതികൾ പോലും എം.പി സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നുവെന്നാണ് പ്രതിപക്ഷ വിമർശനം. കോച്ച് ഫാക്ടറി ഉൾപ്പെടെയുള്ള റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എം.പിയുടെ കഴിവുകേടാണ് പ്രകടമാകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പറയുന്നു. എല്ലാ വികസന പദ്ധതികളുടെയും പിതൃത്വം അവകാശപ്പെട്ട് ഇറക്കുന്ന പ്രോഗ്രസ് കാർഡിനെ രാഷ്ട്രീയമായി നേരിട്ട് തുറന്നുകാണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
അതേസമയം തന്റെ പ്രവർത്തനം ജനം വിലയിരുത്തട്ടെ എന്ന നിലപാടിലാണ് എം.പി. എല്ലാ വർഷവും ചെയ്തു വരുന്ന കാര്യത്തിന്റെ തുടർച്ചയായേ ഇത്തവണത്തെ പ്രോഗ്രസ് റിപ്പോർട്ടിന്റെ സമർപ്പണത്തെയും കാണുന്നുള്ളൂ എന്ന് എം.ബി.രാജേഷ് പറഞ്ഞു. 
വ്യക്തിപരമായ നേട്ടമായല്ല, ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.  

Latest News