Sorry, you need to enable JavaScript to visit this website.

വിദ്വേഷ രാഷ്ട്രീയം,  നുണപ്രചാരണം 

രാഷ്ട്രത്തേയും ജനങ്ങളെയും സംബന്ധിക്കുന്ന പൊതുവിവരങ്ങൾ, വിശിഷ്യാ സുരക്ഷാസംബന്ധിയായ വിവരങ്ങൾ, ചോദിക്കാനും അറിയാനുമുള്ള അവകാശം അനിഷേധ്യമായ പൗരാവകാശമാണ്. പൗരന്മാർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്കും മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ചോദ്യങ്ങൾ ഉന്നയിക്കാനും ഉത്തരം തേടാനുമുള്ള അവകാശം ഇന്ത്യയെപ്പോലെ ഒരു ബഹുകക്ഷി ജനാധിപത്യ രാഷ്ട്രത്തിൽ നിഷേധിക്കപ്പെട്ടുകൂടാ. അധികാര പ്രമത്തതയും അസഹിഷ്ണുതയും കൊടികുത്തിവാഴുന്ന മോഡി ഭരണത്തിൽ അത്തരത്തിൽ ചോദ്യം ചോദിക്കുന്നവരും ഉത്തരം നിഷ്‌കർഷിക്കുന്നവരും രാഷ്ട്ര ശത്രുക്കളും രാജ്യദ്രോഹികളുമായി മുദ്രകുത്തപ്പെടുന്നത് പുതിയ അനുഭവമല്ല. 
രാഷ്ട്രം മുഴുവൻ സായുധസേനയെ പിന്തുണക്കുമ്പോൾ അവർ സൈന്യത്തെ സംശയിക്കുന്നു. ലോകം മുഴുവൻ ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുമ്പോൾ ഏതാനും പാർട്ടികൾ അതിനെ സംശയിക്കുന്നു…ഇങ്ങനെ പോകുന്നു നരേന്ദ്ര മോഡിയുടെ വിദ്വേഷ പ്രചാരണം. രാജ്യം അതീവ ഗുരുതരവും യുദ്ധസമാനവുമായ അന്തരീക്ഷത്തെ അഭിമുഖീകരിക്കുമ്പോഴും, നാൽപതിലധികം സായുധ സുരക്ഷാ സേനാംഗങ്ങളുടെ ജീവൻ ത്യജിക്കേണ്ടി വന്നിട്ടും, ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ട് വൈമാനികനെ തടവുകാരനായി പിടിച്ചിട്ടും രാജ്യത്തെ അഭിസംബോധന ചെയ്യാനോ, പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ട വിധം സർവകക്ഷി യോഗം വിളിക്കാനോ വിസമ്മതിക്കുന്ന മോഡി നഗ്നമായ വിദ്വേഷ പ്രചാരണത്തിലും മുതലെടുപ്പു രാഷ്ട്രീയത്തിലുമാണ് അഭിരമിക്കുന്നത്.
പാകിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകരതയെയാണ് അതിർത്തിയിലും അതിർത്തി കടന്നും നമ്മുടെ സൈന്യം നേരിടുന്നത്. അതിന് പ്രതിപക്ഷ പാർട്ടികളടക്കം രാജ്യത്തിന്റെയാകെ സമ്പൂർണ പിന്തുണയുണ്ട്. ഫെബ്രുവരി 26 നു നടന്ന മിന്നലാക്രമണത്തിലൂടെ നിയന്ത്രണ രേഖ കടന്ന് പാക് അധിനിവേശ കശ്മീരിലെ രണ്ട് കേന്ദ്രങ്ങളിലും അതിർത്തി കടന്ന് ഖൈബർ പക്തൂൺ പ്രവിശ്യയിലെ ബാലാകോട്ടും ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തി. ബാലാകോട്ട് ആക്രമണത്തിൽ മുന്നൂറിലധികം ഭീകരവാദികൾ തുടച്ചുനീക്കപ്പെട്ടതായും അവരുടെ പരിശീലന കേന്ദ്രമടക്കം താവളം നശിപ്പിച്ചതായും വായുസേനയുടെയും കേന്ദ്രസർക്കാരിന്റെയും ഉന്നതർ അവകാശപ്പെടുകയുണ്ടായി. സമാനമായ അവകാശവാദങ്ങൾ പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും ബിജെപിയുടെ ഉന്നതനേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി വ്യാപകമായി ഉപയോഗിച്ചു വരികയാണ്. പാർലമെന്റിലും ഫെഡറൽ രാഷ്ട്രത്തിന്റെ നിയമസഭകളിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും പാർട്ടികളെയും ജനങ്ങളെയാകെ തന്നെയും വസ്തുതകൾ വ്യക്തമാക്കാതെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് തന്ത്രപ്രധാനമായ പ്രതിരോധ വിഷയങ്ങൾ തെരഞ്ഞെടുപ്പു വിഷയമാക്കി ഭരണകക്ഷി മാറ്റിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷി തന്നെ ഈ പ്രചാരണത്തെ ശക്തമായി വിമർശിച്ച് രംഗത്ത് വരികയുണ്ടായി.
ആഗോള മാധ്യമ സ്ഥാപനങ്ങളും ഏജൻസികളും ഈ അവകാശവാദത്തെ അവർക്ക് ലഭ്യമായ വസ്തുതകൾ നിരത്തി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം രാഷ്ട്ര തലസ്ഥാനത്ത് മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികൾ നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ലഭ്യമായില്ല. ആഭ്യന്തര, വിദേശ, പ്രതിരോധ മന്ത്രാലയങ്ങളും വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ വിസമ്മതിക്കുകയാണ്. പാകിസ്ഥാനിലെ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രതിനിധികളും ഇക്കാര്യത്തിൽ തികഞ്ഞ അജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. ലോകപ്രശസ്ത ഭൗമ പ്രതിഛായ ചിത്രീകരണ പരീക്ഷണശാല 'പ്ലാനറ്റ് ലാബ്' പുറത്തുവിട്ട ഫെബ്രുവരി 27 ന്റെ ബാലാകോട്ട് ചിത്രവും ഇന്ത്യയുടെ അവകാശവാദത്തെ സ്ഥിരീകരിക്കാൻ ഉപയുക്തമല്ല.
ഭൂമുഖത്തോ ഭൂഗർഭത്തിലോ ഒരു പരിധിവരെ സൗരയൂഥത്തിലും ക്ഷീരപഥത്തിൽ പോലുമുള്ള രഹസ്യങ്ങൾ കണ്ടെത്തി പുറത്തുകൊണ്ടുവരാൻ പ്രാപ്തമായ നിരീക്ഷണ സംവിധാനങ്ങൾ സജീവമായി നിലനിൽക്കുന്ന ഈ നൂറ്റാണ്ടിൽ ബാലാകോട്ട് എന്തു സംഭവിച്ചുവെന്നത് ദുരൂഹമായി തുടരുന്നത് വിചിത്രമായേ ആർക്കും കരുതാനാവൂ. അതുകൊണ്ടുതന്നെ ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണം സംബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും ചോദ്യമുയരുക സ്വാഭാവികമാണ്. 
അത് ലോകത്തിന്റെ മുന്നിൽ തമസ്‌കരിക്കുന്നത് യുക്തിക്കോ രാജ്യതന്ത്രത്തിനോ യോജിച്ച നടപടിയായിരിക്കില്ല. അതിനു പകരം രാജ്യത്തെ പ്രതിപക്ഷത്തെ ഒന്നടങ്കം രാഷ്ട്ര വിദ്വേഷികളാക്കി ചിത്രീകരിക്കുന്ന പ്രധാനമന്ത്രിയുടെ നടപടി അപലപനീയവും വിദ്വേഷ രാഷ്ട്രീയത്തിന്റെ പരസ്യ പ്രകടനവുമാണെന്ന് പറയാതെ വയ്യ. 
 

Latest News