മഞ്ചേരി- നിലമ്പൂർ കരുളായിയിലെ പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി(38)യുടെ മരണം ജിന്ന് ചികിത്സക്കിടെയാണെന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ(മർക്കസുദഅ്‌വ) ആവശ്യപ്പെട്ടു. മഞ്ചേരിയിലെ ചെരണി റഹ്്മത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് ജിന്ന് ചികിത്സ നടത്തിയതെന്നാണ് മരണപ്പെട്ട യുവാവിന്റെ മൊഴിയിലുള്ളത്. മഞ്ചേരിയിൽ വെച്ച് ചിലരുടെ നേതൃത്വത്തിൽ ജിന്ന് ചികിത്സയുടെ മറവിൽ ശാരീരിക പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നു എന്നാണ് യുവാവിന്റെ മൊഴിയെന്നും കെ.എൻ.എം നേതാക്കൾ അറിയിച്ചു.
മഞ്ചേരി പട്ടർകുളത്തെ ചക്ക്ണി ഫാറൂഖിന്റെ നേതൃത്വത്തിൽ ഏതാനും വർഷങ്ങളായി ജിന്ന് ചികിത്സ നടന്നു വരുന്നതായി പരാതിയുണ്ട്. ഫിറോസ്, ഫാസിൽ എന്നിവരാണ് ഇയാളുടെ സഹായികൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ, ഫഌറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഈ സംഘം ചികിത്സ നടത്തി വരുന്നുണ്ട്. ഇവർ ജിന്നുകളുമായി നേരിട്ട് സംസാരിക്കുകയും, അത് വഴി രോഗങ്ങൾ ഭേദമാക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് പ്രചാരണം. രോഗങ്ങൾ ബാധിക്കുന്നത് ജിന്നുകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് കൊണ്ടാണെന്ന് ഇവർ തെറ്റിദ്ധരിപ്പിക്കുന്നു. മന്ത്രങ്ങൾ ഉരുവിട്ടും അടിച്ചും മർദ്ദിച്ചും ജിന്നിനെ ഇറക്കി വിട്ട് രോഗം സുഖപ്പെടുത്തുമെന്നാണ് ഇവരുടെ വാഗ്ദാനം. ഇതിനായി വൻതുക ഈടാക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്. റുഖിയ്യ ശറഇയ്യ എന്നാണ് ഈ ചികിത്സാ രീതിയുടെ പേര്.
പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി കാളമ്പാറയിലെ ദാറുസ്സലാം വീട്ടിൽ കൊച്ചങ്ങോടൻ ഹിഫ്‌സുറഹ്്മാൻ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതായി പരാതിയുണ്ട്. വീട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഹിഫ്‌സുറഹ്്മാൻ ഇപ്പോൾ വണ്ടൂർ പള്ളിക്കുന്നിലെ ഒരു ഫഌറ്റ് കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തുന്നത് എന്നറിയുന്നു. ദുരൂഹത നിലനിൽക്കുന്ന ചില തീവ്ര മതപ്രഭാഷകർ ഇവരുടെ പ്രചാരകരായി പ്രവർത്തിക്കുന്നുണ്ട്.
മാനസിക ശാരീരിക രോഗങ്ങൾ ബാധിച്ചവർക്ക് ശരിയായ ചികിത്സ നിഷേധിക്കുകയും, ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന വ്യക്തികൾക്കും കേന്ദ്രങ്ങൾക്കുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണം. മതത്തിന്റെയും, ആത്മീയതയുടെയും പേരിൽ നടക്കുന്ന വ്യാജചികിത്സക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ തയ്യാറാകണം.
ശരിയായ ചികിത്സ കിട്ടാതെ മരണപ്പെട്ട വ്യക്തിയുടെതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വോയ്‌സ് മെസേജുകളുടെ ഉറവിടം കണ്ടെത്തുകയും ആരോപണങ്ങൾ ശരിയെങ്കിൽ കുറ്റക്കാരുടെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും വേണം. നിലവിൽ പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിൽ നാട്ടുകാർ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
യുവാവിന്റെ മരണത്തോടെ കുടുംബം മാനസികമായി തകർന്ന നിലയിലാണ്. അന്ധവിശ്വാസ ചൂഷകരുടെ കെണിയിൽ പെട്ട കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് കൗൺസലിംങ് സൗകര്യം ഏർപ്പെടുത്തണം. കേസന്വേഷണം തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പരിഷ്‌കൃത സമൂഹങ്ങൾക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനകീയകൂട്ടായ്മകൾ ശക്തിപ്പെടേണ്ടതുണ്ട്.
കെ അലി പത്തനാപുരം (പ്രസിഡന്റ്, കെ.എൻ.എം മർക്കസുദ്ദഅവ, മലപ്പുറം ഈസ്റ്റ് ജില്ല, എം അഹമ്മദ്കുട്ടി മദനി (സെക്രട്ടറി), എ നൂറുദ്ദീൻ എടവണ്ണ, ജൗഹർ അയനിക്കോട്, ടി റിയാസ് മോൻ എന്നിവർ പങ്കെടുത്തു.