തിരുവനന്തപുരം- ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സി. ദിവാകരൻ മത്സരിക്കും. തൃശൂരിൽ രാജാജി മാത്യു തോമസും വയനാട്ടിൽ പി.പി സുനീറും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും മത്സരിക്കും. നിലവിലുള്ള എം.പി സി.എൻ ജയദേവനെ ഒഴിവാക്കിയാണ് രാജാജി മാത്യു തോമസിനെ നിശ്ചയിച്ചത്. തിരുവനന്തപുരത്ത് കാനം രാജേന്ദ്രൻ മത്സരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ ഭാരിച്ച ഉത്തരവാദിത്വമുണ്ടെന്നും മത്സരിക്കാനില്ലെന്നും കാനം വ്യക്തമാക്കി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന ദേശീയ സെക്രട്ടറിയേറ്റും കൗൺസിലും സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.