കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.47 കോടി രൂപയുടെ സ്വർണം ഡി.ആർ.ഐ, എയർ കസ്റ്റംസ് ഇൻറലിജൻസ് എന്നിവർ ചേർന്ന് പിടികൂടി. രണ്ടുപേരിൽനിന്നുമാണ് ഇത്രയും സ്വർണം പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദ് മൊയ്തീൻ സവാദി(28)ൽനിന്നുമാണ് 1.04 കോടിയുടെ 3145.69 ഗ്രാം സ്വർണം ഡി.ആർ.ഐ സംഘം പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കരപ്പൂരിലെത്തിയ ഡി.ആർ.ഐ സംഘം സവാദിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇയാൾ ധരിച്ച ഷൂസുകൾക്കകത്ത് നിന്നും 4 സ്വർണ ബിസ്‌കറ്റുകളും സ്വർണ സംയുക്തവും കണ്ടെടുത്തു. പിന്നീട് വിമാനത്തിന്റെ സീറ്റിനടിയിൽ 2 കിലോ സ്വർണ ബാറുകൾ ഒളിച്ചു വെച്ചതായി ഇയാൾ മൊഴി നൽകി. തുടർന്ന് നടന്ന പരിശോധനയിൽ വിമാനത്തിൽ നിന്നും 2 കിലോ സ്വർണം കൂടി കണ്ടെടുത്തു.
തിരുവനന്തപുരം സ്വദേശി സ്റ്റീഫൻ മാർക്കോസ് (40) എന്ന യാത്രക്കാരനിൽ നിന്ന് 1321 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്. 43 ലക്ഷം വില വരും. ദോഹയിൽ നിന്നുളള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 374 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ട്രാൻസിറ്റ് യാത്രക്കാരനായി തിരുവനന്തപുരം വിമാനത്തിൽ കയറാനെത്തിയ ഇയാളെ ദേഹ പരിശോധന നടത്തുന്നതിനിടെ വിമാനത്താവള സുരക്ഷാ സേനയാണ്് സ്വർണം കണ്ടെടുത്തത്. തുടർന്ന് ഇയാളെ കസ്റ്റംസ് വിഭാഗത്തിന് കൈമാറുകയായിരുന്നു. ഇയാളിൽ നിന്നും 1900 ഗ്രാം സ്വർണ സംയുക്തം കണ്ടെടുക്കുകയായിരുന്നു. ഇതിൽ നിന്നാണ് 1321 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്.