തിരുവനന്തപുരം- ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നോര്‍ക്ക മുഖാന്തിരം സൗജന്യമായി നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് 2019-2020 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയെപ്പറ്റി വരുന്ന മാധ്യമ വാര്‍ത്തകളില്‍ നോര്‍ക്ക റൂട്ട്‌സ് വിശദീകരണം നല്‍കി. ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കിടയില്‍ പ്രവാസി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്കക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം പ്രവാസികള്‍ തിരിച്ചറിയണമെന്ന് നോര്‍ക്ക റൂട്ട്‌സ് പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന പദ്ധതിയെപ്പറ്റി ലോക കേരള സഭയുടെ പശ്ചിമേഷ്യ മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഏപ്രില്‍ മുതലാണ് പ്രാബല്യത്തില്‍വരുന്നത്. അതനുസരിച്ച് ഈ കാര്യത്തിന് വ്യക്തമായ നിയമവും ചട്ടവും രൂപീകരിക്കേണ്ടതുണ്ട്. ഏതെല്ലാം വിഭാഗത്തിനാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതൊക്കെമുള്ള കാര്യങ്ങള്‍ നിശ്ചയിക്കേണ്ടിയിരിക്കുന്നു.
നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിച്ച് ഇത് പ്രാബല്യത്തില്‍വരും. അതുകൊണ്ട് തന്നെ പദ്ധതിയുടെ വിവരങ്ങള്‍ നോര്‍ക്കയുടെ കോള്‍ സെന്ററില്‍ ലഭ്യമല്ല. നിലവില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന പ്രവാസികളുടെ ഭൗതിക ശരീരം അവരുടെ നാട്ടിലേക്കും അസുഖ ബാധിതരായെത്തുന്ന പ്രവാസികളെ അവരുടെ ആവശ്യാനുസരണം സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് പദ്ധതിയെക്കുറിച്ചും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നല്‍കുന്ന "കാരുണ്യ' പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ മാത്രമേ നോര്‍ക്കയുടെ കോള്‍ സെന്ററില്‍നിന്ന് ലഭ്യമാവുകയുള്ളു. പദ്ധതി പ്രാബല്യത്തില്‍ വരുന്നതനുസരിച്ച് വിശദവിവരങ്ങള്‍ നോര്‍ക്കയുടെ കോള്‍ സെന്ററിലും വെബ്‌സൈറ്റിലും ലഭിക്കുന്നതായിരിക്കുമെന്നും നോര്‍ക്ക റൂട്ട്‌സ് പത്രക്കുറിപ്പില്‍ വിശദീകരിച്ചു.